കൊച്ചി : വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള സംസ്ഥാന ഗതാഗത വകുപ്പുകളുടെ (എസ്ടിയു) നിന്ന് 5,000-ത്തിലധികം ബസുകളുടെയും ബസ് ഷാസികളുടെയും ഓര്‍ഡറുകള്‍ ലഭിച്ചു.അതാത് എസ്ടിയുകളുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ഘട്ടം ഘട്ടമായി ബസുകള്‍ നല്‍കുന്നത് ഷെഡ്യൂള്‍ ചെയ്തു. സര്‍ക്കാരിന്റെ ഇ-ബിഡ്ഡിംഗ് പ്രക്രിയയിലൂടെയാണ് ടെന്‍ഡര്‍ ലഭിച്ചത്. ഇന്റര്‍സിറ്റി, ദീര്‍ഘദൂരം, ഇന്‍ട്രാസിറ്റി ഗതാഗതത്തിനായി ടാറ്റ മാഗ്ന, ടാറ്റ സിറ്റിറൈഡ്, ടാറ്റ സ്റ്റാര്‍ബസ്, ടാറ്റ സ്റ്റാര്‍ബസ് പ്രൈം, ടാറ്റ എല്‍പിഒ 1618, എല്‍പിഒ 1622, എല്‍പിഒ 1822 തുടങ്ങിയ ശ്രേണിയിലാണ് ഓര്‍ഡറുകള്‍ ലഭിച്ചത്.
വ്യത്യസ്ത ഡ്യൂട്ടി സൈക്കിളുകളിൽ വിശ്വസനീയമായ പ്രകടനം, യാത്രക്കാരുടെ സുഖസൗകര്യങ്ങൾ, കാര്യക്ഷമമായ പ്രവർത്തന നേട്ടം(സാമ്പത്തിക) എന്നിവ നൽകുന്നതിനാണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഒന്നിലധികം പവർട്രെയിനുകളിലായി 9 സീറ്റർ മുതൽ 55 സീറ്റർ വരെയുള്ള വാണിജ്യപാസഞ്ചർ വാഹന ഉൽപ്പന്ന നിര രാജ്യവ്യാപകമായി പൊതു ഗതാഗത ആവശ്യകതകളെ പിന്തുണയ്ക്കുന്നു. പരിപാലന പിന്തുണ, ഉറപ്പായ ടേൺഅറൗണ്ട് സമയം, യഥാർത്ഥ സ്പെയർ പാർട്സ് ലഭ്യത, ബ്രേക്ക്ഡൗൺ സഹായം എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര വാഹന ലൈഫ് സൈക്കിൾ മാനേജ്മെന്റ് പ്രോഗ്രാമായ സമ്പൂർണ സേവാ 2.0 ഇതിന് അനുബന്ധമായുള്ളതാണ്.
കേരളത്തിനു പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്,വടക്കുപടിഞ്ഞാറന്‍ കര്‍ണാടക, തെലങ്കാന, ബീഹാര്‍, രാജസ്ഥാന്, ഹരിയാന,ചണ്ഡീഗഡ് എന്നിവിടങ്ങളിലെ സംസ്ഥാന ഗതാഗത വകുപ്പുകളില്‍ നിന്നാണ് മറ്റ്് ഓര്‍ഡറുകള്‍ ലഭിച്ചത്. ”ഒന്നിലധികം സംസ്ഥാന ഗതാഗത സ്ഥാപനങ്ങളില്‍ നിന്നുണ്ടായ ഈ അംഗീകാരം ടാറ്റ മോട്ടോഴ്സിന്റെ ഗതാഗത പരിഹാരങ്ങളില്‍ അര്‍പ്പിക്കുന്ന ആഴത്തിലുള്ള വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ടാറ്റ മോട്ടോഴ്സ് ലിമിറ്റഡിന്റെ കൊമേഴ്സ്യല്‍ പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് വൈസ് പ്രസിഡന്റും മേധാവിയുമായ ആനന്ദ് എസ് പറഞ്ഞു.
