കണ്ണൂർ∙ കണ്ണൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടി.ഒ.മോഹനനെ ഷാൾ അണിയിച്ച് സ്വീകരിച്ച് കെ. സുധാകരൻ. ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം ഇന്ന് പുലർച്ചെയോടെയാണ് കെ.സുധാകരൻ വീട്ടിൽ തിരിച്ചെത്തിയത്. തുടർന്നു മോഹനൻ വീട്ടിലെത്തി അദ്ദേഹത്തെ സന്ദർശിക്കുകയായിരുന്നു. അടച്ചിട്ട മുറിയിൽ ഇരുവരും അൽപ്പനേരം ചർച്ച നടത്തി.
കെ.സുധാകരൻ അടുത്ത ദിവസം തന്നെ പ്രചാരണത്തിന് ഇറങ്ങുമെന്ന് സന്ദർശന ശേഷം ടി.ഒ. മോഹനൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ആളുകൾ ഇന്ന് വൈകിട്ട് യോഗം ചേരും. പ്രചാരണ പരിപാടികൾ ചർച്ച ചെയ്തശേഷം സുധാകരനെ അറിയിക്കാനും അതനുസരിച്ച് കൺവെൻഷനുകളിൽ പങ്കെടുക്കാമെന്നും സുധാകരൻ പറഞ്ഞു.
‘‘ഹൈക്കമാൻഡിന് കൊടുത്ത വാക്ക് പാലിച്ചുവെന്നാണു സുധാകരൻ പറഞ്ഞത്. യുഡിഎഫിന്റെ വിജയത്തിനായി മുന്നിൽ നിന്ന് പ്രവർത്തിക്കും എന്നാണ് അദ്ദേഹം വാക്കു നൽകിയത്. അദ്ദേഹത്തിന്റെ എല്ലാ കഴിവും ഈ തിരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിക്കും. ഹൈക്കമാൻഡ് ഒരു തീരുമാനം എടുത്താൽ അതിനോട് ചേർന്നു നിൽക്കുകയാണ് കോൺഗ്രസിനെ സ്നേഹിക്കുന്നവർ ചെയ്യുക. ചിലയിടത്ത് വെടിയും പുകയും ഉണ്ടായെങ്കിലും അതെല്ലാം കെട്ടടങ്ങി. കോൺഗ്രസിന്റെ സമുന്നതനായ നേതാവാണ് സുധാകരൻ. കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകർക്ക് ഊർജം നൽകുന്ന ആളാണ്. യുഡിഎഫ് അധികാരത്തിൽ വരേണ്ട പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. അദ്ദേഹം കൂടെയുണ്ടാകുമെന്ന് അറിയിച്ചു.’’– ടി.ഒ. മോഹനൻ പറഞ്ഞു.
കണ്ണൂരിൽ മത്സരിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടെങ്കിലും എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലായിരുന്നു എഐസിസി. ഇന്നലെ രാത്രിയോടെയാണ് കണ്ണൂരിലെ ഉൾപ്പെടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പട്ടിക പുറത്തുവിട്ടത്.
