ടെൽ അവീവ്: രാജ്യത്തിന്റെ നിർണ്ണായക സ്ഥാനത്തിരുന്ന ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഐആർജിസി. പരമോന്നതനേതാവായിരുന്ന അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടശേഷം ഇറാൻ ഭരണകൂടത്തെ സുസംഘടിതമായി നിർത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു അലി ലാരിജാനി. കഴിഞ്ഞ ദിവസം പുലർച്ചെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്.
‘ഇന്ന് രാത്രി ശത്രുവിന്റെ ആകാശം കൂടുതൽ വർണ്ണാഭമായിരിക്കും’ എന്ന് ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ എയർ ഫോഴ്സ് കമാൻഡർ സർദാർ മൗസവി പറഞ്ഞു. വേഗത്തിലുള്ള തിരിച്ചടിക്കും അദ്ദേഹം ആഹ്വനം ചെയ്തു. പിന്നാലെ ആക്രമണം ആരംഭിച്ചതായി ഐആർജിസി അറിയിക്കുകയും ചെയ്തു.
ടെൽ അവീവിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഇസ്രയേലിൽ വിവിധയിടങ്ങളിൽ മിസൈൽ പതിച്ചും അവശിഷ്ടങ്ങൾ പതിച്ചും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലാരിജാനിയെ കൂടാതെ ഇറാന്റെ ബാസിജ് സേനയുടെ മേധാവി ഗുലാംറേസ സുലൈമാനിയെയും കഴിഞ്ഞ ദിവസം ഇസ്രയേൽ വധിച്ചിരുന്നു.
