നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർമാർക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റ് സാധനസാമഗ്രികളോ
നൽകി സ്വാധീനിക്കുന്നത് തടയാൻ ആലപ്പുഴ ജില്ലയിൽ കർശന നടപടികൾ സ്വീകരിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു.
ഏതെങ്കിലും പ്രത്യേക സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി പണം, മദ്യം അല്ലെങ്കിൽ മറ്റ് സാധനസാമഗ്രികൾ വിതരണം ചെയ്യുന്നത് 1951-ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 123 അനുസരിച്ചും ഭാരതീയ ന്യായ സംഹിത അനുസരിച്ചും ശിക്ഷാർഹമായ കുറ്റമാണ്. ഇത് തടയുന്നതിനായി ജില്ലയിലുടനീളം ഫ്ലയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവരെ വിന്യസിച്ചിട്ടുണ്ട്. അനധികൃതമായി പണമോ മറ്റ് സാമഗ്രികളോ കടത്തുന്നത് തടയാൻ നടത്തുന്ന വാഹന പരിശോധനയുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.
യാത്രവേളയിൽ 50,000 രൂപയിൽ കൂടുതൽ കൈവശം വെക്കുന്നവർ കൃത്യമായ രേഖകൾ കൂടെ കരുതേണ്ടതാണ്. പരിശോധനാവേളയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും എന്തെങ്കിലും പ്രയാസങ്ങൾ നേരിടുകയാണെങ്കിൽ തെളിവ് സഹിതം ആലപ്പുഴ ജില്ലാ കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസറും തിരഞ്ഞെടുപ്പ് ചെലവ് നോഡൽ ഓഫീസറുമായ അജയാനന്ദ് എ.-യെ 8547610052 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്.
