Home » Blog » kerala Mex » നിവിൻ പോളി ചിത്രം ‘പ്രതിഛായ’യുടെ റിലീസ് പ്രഖ്യാപിച്ചു
Untitled-1-110-680x450

നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ ‘പ്രതിഛായ’ റിലീസിനൊരുങ്ങുന്നു. കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ ചില സംഭവവികാസങ്ങളെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം മാർച്ച് 26-ന് ആഗോളതലത്തിൽ പ്രദർശനത്തിനെത്തും. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷമായിരിക്കും ഇതെന്നാണ് പുറത്തിറങ്ങിയ ട്രെയിലർ നൽകുന്ന സൂചന. ശ്രീ ഗോകുലം മൂവീസും ആർ ഡി ഇലുമിനേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മലയാള സിനിമയിൽ ഏറെ നാളുകൾക്ക് ശേഷമെത്തുന്ന ഗൗരവകരമായ രാഷ്ട്രീയ സിനിമ എന്ന പ്രത്യേകതയും പ്രതിഛായക്കുണ്ട്. സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന നടൻ ബാലചന്ദ്രമേനോൻ അതിശക്തമായ ഒരു കഥാപാത്രത്തിലൂടെ ഈ ചിത്രത്തിൽ തിരിച്ചെത്തുന്നു എന്നതും ശ്രദ്ധേയമാണ്. ഷറഫുദ്ദീൻ, ആൻ അഗസ്റ്റിൻ, സായ് കുമാർ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി ഏകദേശം തൊണ്ണൂറോളം ദിവസങ്ങളെടുത്താണ് പൂർത്തിയാക്കിയത്.

ചിത്രത്തിന്റെ സാങ്കേതിക മികവും നിർമ്മാണ രീതിയും നേരത്തെ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. തിരുവനന്തപുരത്ത് ആയിരക്കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളെയും പോലീസുകാരെയും പങ്കെടുപ്പിച്ച് ചിത്രീകരിച്ച സെക്രട്ടേറിയേറ്റ് വളയൽ സമരത്തിന്റെ ദൃശ്യങ്ങൾ മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ആൾക്കൂട്ട രംഗങ്ങളിൽ ഒന്നാണ്. ജസ്റ്റിൻ വർഗീസ് സംഗീതവും ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ഈ ചിത്രം തിയേറ്ററുകളിൽ വലിയ ചർച്ചയാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.