Home » Blog » Business » രാജ്യത്തെ വിഭവ ശേഷി ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാമെന്ന് അനില്‍ അഗര്‍വാള്‍
8

കൊച്ചി: ഇന്ത്യയുടെ വിശാലമായ പ്രകൃതിവിഭവ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി നിര്‍ണ്ണായകമായ ഒരു മുന്നേറ്റം വേണമെന്ന് വേദാന്ത ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്‍റെ ഊര്‍ജ്ജ സുരക്ഷ  ശക്തമാക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ആഭ്യന്തര പര്യവേഷണവും ഉല്‍പ്പാദനവും വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയ്ക്ക് വലിയ തോതില്‍ ഉപയോഗിക്കപ്പെടാത്ത ഖനന വിഭവങ്ങള്‍ ഉണ്ടായിരിക്കെ രാജ്യത്തിന് ഓയില്‍ ആവശ്യത്തിന്‍റെ 90 ശതമാനത്തിലധികവും, ചെമ്പിന്‍റെ 95 ശതമാനത്തിലധികവും, സ്വര്‍ണ്ണത്തിന്‍റെ ഏകദേശം 100 ശതമാനവും ഇറക്കുമതി ചെയ്യേണ്ടി വരുന്നതായി അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഇന്ത്യ ഏകദേശം 90 ശതമാനം ഓയിലും  ഏകദേശം 95 ശതമാനം ചെമ്പും ഏകദേശം 99.5 ശതമാനം സ്വര്‍ണ്ണവും ഇറക്കുമതി ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്‍റെ ഭൗമശാസ്ത്ര ഘടന ലോകത്തിലെ ഏറ്റവും സമ്പന്നമായതില്‍ ഒന്നാണെന്നും ഇത് ഇന്ത്യയുടെ ഊര്‍ജവും ഖനന വിഭവ സുരക്ഷയും ശക്തിപ്പെടുത്താനുള്ള വലിയ സാധ്യതകള്‍ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതിവിഭവങ്ങളുടെ പര്യവേക്ഷണവും ഖനനം വേഗത്തിലാക്കേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം മുന്നോട്ടുവച്ചു. രാജ്യത്തെ  പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്ന മറ്റ് കമ്പനികള്‍ക്കും നിലവിലുള്ള ഉല്‍പ്പാദനം പലമടങ്ങ് വര്‍ദ്ധിപ്പിക്കാനുള്ള ശേഷിയുണ്ട്. എന്നാല്‍ ഇതിന് അനുയോജ്യമായ നയപരമായ പിന്തുണയും  വേഗത്തിലുള്ള അംഗീകാരങ്ങളും അത്യാവശ്യമാണ്. ശരിയായ നിക്ഷേപം, മാനേജ്മെന്‍റ്, നയപിന്തുണ എന്നിവ ലഭിച്ചാല്‍ നിലവില്‍ പ്രതീക്ഷച്ചത്ര മികച്ച  പ്രകടനം കാഴ്ചവെക്കാത്ത നിരവധി സര്‍ക്കാര്‍ ആസ്തികള്‍ക്ക് ഉല്‍പാദനം ഗണ്യമായി വര്‍ധിപ്പിക്കാനുള്ള വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വേദാന്ത ഏറ്റെടുത്തതിന് ശേഷം ഹിന്ദുസ്ഥാന്‍ സിങ്ക്, ഭാരത് അലുമിനിയം പോലുള്ള നിരവധി ആസ്തികളില്‍ സ്വകാര്യവത്കരണവും പ്രൊഫഷണല്‍ മാനേജ്മെന്‍റും വന്നതിനു ശേഷം അഞ്ച് മുതല്‍ പത്ത് മടങ്ങ് വരെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. ഇന്ത്യയുടെ വിഭവ മേഖലയില്‍ ഇനിയും ഉപയോഗിക്കപ്പെടാത്ത വലിയ സാധ്യതകളുണ്ടെന്നാണ് ഇത് തെളിയിക്കുന്നുത്. ഈ രണ്ട് കമ്പനികളെയും സ്വകാര്യവല്‍ക്കരണ പദ്ധതിയിലൂടെയാണ് ഏറ്റെടുത്തതെങ്കിലും ആ നടപടികള്‍ ഇനിയും പൂര്‍ണ്ണമായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ഹിന്ദുസ്ഥാന്‍ സിങ്കില്‍ 26 ശതമാനം  ഓഹരിയും ബാല്‍ക്കോയില്‍ 49 ശതമാനം  ഓഹരിയും ഇപ്പോഴും സര്‍ക്കാ രിന്‍റെ കൈവശമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വേദാന്ത ഗ്രൂപ്പ് മാത്രം ഏകദേശം 4.5 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവിലേക്ക്  വിവിധ നികുതികളായും മറ്റും നല്‍കിയത്.

സംരംഭകര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുകയും നിയമപരമായ നൂലാമാലകള്‍ ലളിതമാക്കുകയും ചെയ്യേണ്ടത് നിക്ഷേപങ്ങളും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കാന്‍ അനിവാര്യമാണെന്നും വേദാന്ത ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. സ്വയം സര്‍ട്ടിഫിക്കേഷന്‍  സംവിധാനത്തിലും വിശ്വാസത്തെ അടിസ്ഥാനമാക്കിയ ഭരണരീതിയിലും കൂടുതല്‍ ആശ്രയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമിതമായ നിയന്ത്രണ ഇടപെടലുകള്‍ പലപ്പോഴും പദ്ധതികള്‍ വൈകിപ്പിക്കുകയും അപകടസാധ്യത ഏറ്റെടുക്കാനുള്ള താത്പര്യം കുറയ്ക്കുകയും ചെയ്യാറുണ്ട്. ദീര്‍ഘമായ അനുമതികള്‍ക്കും ക്ലിയറന്‍സുകള്‍ക്കും പകരം സ്വയം സര്‍ട്ടിഫിക്കേഷന്‍ സംവിധാനത്തിലേക്ക് ഇന്ത്യ നീങ്ങണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതില്‍ സര്‍ക്കാര്‍ നിയമങ്ങളും മാര്‍ഗ്ഗനിര്‍ദേശങ്ങളും നിര്‍ണ്ണയിക്കുകയും, ഉദ്യമികള്‍ അവ കര്‍ശനമായി പാലിക്കുകയും പിന്നീട് ഓഡിറ്റിന് വിധേയമാകുകയും ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ പ്രതിസന്ധികളും  ഹോര്‍മുസ്  കടലിടുക്ക്  വഴിയുള്ള ചരക്കുനീക്കത്തില്‍ ഉണ്ടായേക്കാവുന്ന തടസ്സങ്ങളും മുന്‍നിര്‍ത്തി ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കേണ്ടതിന്‍റെ തന്ത്രപ്രധാനമായ പ്രാധാന്യത്തെക്കുറിച്ച് അനില്‍ അഗര്‍വാള്‍ ഊന്നിപ്പറഞ്ഞു. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും ആഗോള വിതരണ ശൃംഖലയിലുണ്ടാകുന്ന ആഘാതങ്ങള്‍ മൂലമുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വെല്ലുവിളികള്‍ കുറയ്ക്കുന്നതിനുമായി എണ്ണ, പ്രകൃതി വാതകം, കല്‍ക്കരി, തന്ത്രപ്രധാന ലോഹങ്ങള്‍, നിര്‍ണ്ണായക ധാതുക്കള്‍ എന്നിവയുടെ പര്യവേഷണം ഇന്ത്യ അതിവേഗം വര്‍ദ്ധിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യകത ഇരട്ടിയാകുമെന്ന് കണക്കാക്കപ്പെടുന്നുതായും അതിനാല്‍ രാജ്യത്തിന്‍റെ ആഭ്യന്തര ഊര്‍ജ്ജ വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുകയും  ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ പ്രകൃതിവിഭവ മേഖലകള്‍ തുറന്നു നല്‍കുന്നത് രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ കുതിപ്പേകുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണ, പ്രകൃതി വാതകം, ചെമ്പ്, കല്‍ക്കരി, സ്വര്‍ണം, രാസവളങ്ങള്‍ എന്നീ മേഖലകളിലെ ആഭ്യന്തര വിഭവശേഖരങ്ങള്‍ ഉപയോഗത്തിലാക്കുന്നത് വിപുലമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും, സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കുകയും, ഇറക്കുമതി അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും. അതിനുപുറമെ ഇന്ത്യയിലും ആഗോളതലത്തിലും പ്രകൃതിവിഭവ മേഖല ചരിത്രപരമായി സര്‍ക്കാര്‍ ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന മേഖലകളിലൊന്നായിരുന്നുവെന്നും, രാഷ്ട്രനിര്‍മ്മാണത്തില്‍ ഇത് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ മത്സരിക്കാന്‍ ശേഷിയുള്ള പ്രകൃതിവിഭവ കമ്പനികളെ  കെട്ടിപ്പടുക്കാനുള്ള കഴിവുണ്ടെന്നും അനില്‍ അഗര്‍വാള്‍ എടുത്തുപറഞ്ഞു.

പ്രകൃതിവിഭവ മേഖലയിലേക്ക് വലിയ തോതിലുള്ള മൂലധനം സമാഹരിക്കുന്നതിന് സര്‍ക്കാരും വ്യവസായ ലോകവും ആഗോള നിക്ഷേപകരും തമ്മിലുള്ള സഹകരണത്തിന്‍റെ  പ്രാധാന്യം  വലുതാണ്. പ്രകൃതി വിഭവങ്ങളിലും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളിലും  ദീര്‍ഘകാല നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ രാജ്യങ്ങളിലൊന്നായി ഇന്ത്യ തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.