Home » Blog » Kerala » കേരളം പവര്‍കട്ടും ലോഡ്‌ഷെഡിംഗുമില്ലാത്ത നാടായി: മുഖ്യമന്ത്രി പിണറായി വിജയന്‍
pinarayivijayan-kiCG-621x414LiveMint-1-560x414

 

പള്ളിവാസല്‍ വിപുലീകരണ പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

 

പവര്‍കട്ടും ലോഡ്‌ഷെഡിംഗുമില്ലാത്ത കേരളം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെയും ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോഡ്‌ഷെഡിംഗ് ഇല്ലാത്ത, പവര്‍ കട്ട് ഇല്ലാത്ത കേരളം എന്നത് ഒരു സ്വപ്നം മാത്രമായിരുന്നു. പക്ഷേ, ഇന്നത് യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു.

 

പവര്‍കട്ട് എന്ന് പറഞ്ഞാല്‍ എന്താണെന്ന് എല്ലാവര്‍ക്കും ധാരണയുണ്ടെന്നുള്ളതില്‍ സംശയമില്ല. ലോഡ്‌ഷെഡിംഗ് അത്ര വലുതായിരുന്നു. കേരളത്തില്‍ നാലര മണിക്കൂര്‍ ലോഡ്‌ഷെഡിംഗ് ആയിരുന്നു. കേരളത്തിലെ കെ.എസ്.ഇ.ബി. എന്നത് മുന്‍ അനുഭവത്തില്‍ നമ്മുടെ നാട്ടിന്‍പുറത്തെ ചായക്കടക്കാരന്റെ മാനേജ്‌മെന്റ് വൈഭവം പോലും ഇല്ലാതിരുന്ന ഒരു സ്ഥാപനമായിരുന്നു. എന്നാല്‍, ആ സ്ഥാപനം മികവാര്‍ന്ന രീതിയില്‍ പ്രവര്‍ത്തിച്ചു. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. നിശ്ചിത പദ്ധതികള്‍, ഏത് തീയതിയിലാണോ പൂര്‍ത്തിയാക്കുന്നതെന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനു മുന്‍പ് തന്നെ പൂര്‍ത്തീകരിക്കുന്നു. അത്രമാത്രം കാര്യക്ഷമതയിലേക്ക് കെ.എസ്.ഇ.ബി. എത്തി. കേരളം ഉണ്ടായതിനുശേഷം ഇതേവരെ ഉത്പാദിപ്പിച്ച ആകെ വൈദ്യുതി എത്രയാണോ അത്രയും വൈദ്യുതി രണ്ട് വര്‍ഷം ആകുമ്പോഴേക്കും നമ്മള്‍ ഊര്‍ജ്ജമായി ഉത്പാദിപ്പിച്ചു. ആദ്യം പവര്‍ കട്ട് ഇല്ലാതായി. പിന്നെ ലോഡ്‌ഷെഡിംഗ് ഇല്ലാതായി.

 

വൈദ്യുതി രംഗത്ത് നടപ്പാക്കിയ കാര്യങ്ങള്‍ പൂര്‍ണ്ണമായി നല്ല തുടര്‍ച്ചയോടെ നടപ്പാക്കുന്ന സ്ഥിതിയിലേക്ക് എത്താന്‍ കഴിഞ്ഞതുകൊണ്ടാണ് ഒട്ടേറെ നേട്ടങ്ങള്‍ ഈ മേഖലയില്‍ നേടാനായത്. ആര് ഭരിച്ചാലും ഒരുപോലെ അല്ല. നാടിനോട് പ്രതിബദ്ധതയുള്ളവരും കോര്‍പ്പറേറ്റുകളോട് മാത്രം പ്രതിബദ്ധതയുള്ളവരും തമ്മില്‍ വ്യത്യാസമുണ്ട്. നാടിനോട് പ്രതിബദ്ധത ഉണ്ടായാല്‍ അതിദാരിദ്ര്യം ഇല്ലാത്ത നാടായിട്ട് മാറും. 5 ലക്ഷത്തില്‍പരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുകള്‍ കിട്ടുന്ന നാടായിട്ട് മാറും. സാമൂഹികക്ഷേമ പെന്‍ഷന്‍ 600 രൂപയല്‍ നിന്ന് 1600 ലേക്കും, 1600 രൂപയില്‍ നിന്ന് 2000 ലേക്കും മാറും.

 

വൈദ്യുതി രംഗത്ത് ഏറ്റവും പ്രധാനം പ്രസരണം കാര്യക്ഷമമാക്കുക എന്നതാണ്. വൈദ്യുതി വഹിച്ചു കൊണ്ടുപോകാനുള്ള ലൈനുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ. ആ പവര്‍ ഹൈവേ മുടങ്ങിപ്പോയിരുന്നു. മുടങ്ങിയെന്ന് മാത്രമല്ല, നടപ്പാക്കുന്ന പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ കേരളം വിട്ടുപോയിരുന്നു. 2016-ല്‍ സര്‍ക്കാര്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷനെ വിളിച്ചു വരുത്തി. അവരോട് പണി ആരംഭിക്കാന്‍ പറഞ്ഞു. ഗവണ്‍മെന്റിന് നാടിനോടാണ് പ്രതിബദ്ധത. പദ്ധതി നടപ്പാക്കുന്നതിനാണ് പ്രതിബദ്ധത. പുഗലൂര്‍-മാടക്കത്തറ ലൈനും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2550 മെഗാവാട്ട് ശേഷിയുള്ളതാണ് ഈ ലൈനുകള്‍. ഇറക്കുമതി ചെയ്യേണ്ടി വന്നാല്‍, വൈദ്യുതി ഇറക്കുമതി ചെയ്യാനുള്ള ലൈനുകളും സാധ്യമായി. പ്രസരണ രംഗത്ത് നടപ്പാക്കിയ പരിപാടിയാണ് 10,000 കോടി രൂപയുടെ ട്രാന്‍സ് ഗ്രിഡ് പദ്ധതി. നല്ല മാറ്റം അതിന്റെ ഭാഗമായി ഉണ്ടാവുകയാണ്.

 

800 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി സുവര്‍ണ്ണ ജൂബിലി പദ്ധതി, 240 മെഗാവാട്ട് ശേഷിയുള്ള ലക്ഷ്മി ജലവൈദ്യുത പദ്ധതി, 450 മെഗാവാട്ട് ശേഷിയുള്ള ശബരിഗിരി പുനരുദ്ധാരണ പദ്ധതി. ഇവയെല്ലാം യാഥാര്‍ഥ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതെല്ലാം പുനരുപയോഗ സാധ്യതയുള്ള ഊര്‍ജ്ജ സ്രോതസുകളില്‍ നിന്നുള്ള പദ്ധതിയാണ്. പ്രകൃതിക്കുണ്ടാകുന്ന ആഘാതം വളരെ കുറവായിരിക്കും. 2040 ഓടെ വൈദ്യുതോല്‍പ്പാദനം പൂര്‍ണ്ണമായും പുനരുപയോഗ സാധ്യതയുള്ള സ്രോതസ്സുകളെ ആശ്രയിച്ചായിരിക്കണം. ഇതാണ് സംസ്ഥാനത്തിന്റെ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

പള്ളിവാസല്‍ വിപുലീകരണ പദ്ധതി പവര്‍ഹൗസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ .കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എ. രാജ, എം. എം മണി, കെ.എസ്.ഇ.ബി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ മിന്‍ഹാജ് ആലം, ഡയറക്ടര്‍ ജനറേഷന്‍ സജീവ്. ജി, ചീഫ് എഞ്ചിനീയര്‍ വിനോദ്.വി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍,വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.