വാഷിംഗ്ടൺ: ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിന്റെ സാമ്പത്തിക ആഘാതം തടയുന്നതിനായി റഷ്യൻ എണ്ണയും പെട്രോളിയവും വാങ്ങുന്ന മറ്റ് രാജ്യങ്ങൾക്കെതിരായ ഉപരോധങ്ങളിൽ യുഎസ് ഇളവ് വരുത്തി. ‘ആഗോള ഊർജ്ജ വിപണികളിൽ സ്ഥിരത പ്രോത്സാഹിപ്പിക്കുക’ എന്ന ലക്ഷ്യത്തോടെയാണ് താൽക്കാലിക ഇളവെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. താൽക്കാലിക ഇളവ് ഏപ്രിൽ 11 വരെ നീണ്ടുനിൽക്കുമെന്നും പെർമിറ്റ് രാജ്യങ്ങൾക്ക്‘ മാത്രമേ ഇത് ബാധകമാകൂ എന്നും ബെസെന്റ് പറഞ്ഞു.
തങ്ങളുടെ തന്ത്രപ്രധാനമായ പെട്രോളിയം കരുതൽ ശേഖരത്തിൽ നിന്ന് 172 ദശലക്ഷം ബാരൽ എണ്ണ പുറത്തുവിടുമെന്ന് വാഷിംഗ്ടൺ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഗൾഫിലെ കപ്പലുകൾക്കും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടലും ആഗോള ഊർജ്ജ വിപണികളെ പ്രതിസന്ധിയിലാക്കിയിരുന്നു.
‘റഷ്യൻ എണ്ണയില്ലാതെ ആഗോള ഊർജ്ജ വിപണിക്ക് സ്ഥിരത നിലനിർത്താൻ കഴിയില്ല എന്ന വ്യക്തമായ കാര്യം യുഎസ് ഫലപ്രദമായി അംഗീകരിക്കുന്നു‘, എന്നാണ് യുഎസിന്റെ പുതിയ നീക്കത്തെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സാമ്പത്തിക പ്രതിനിധി കിറിൽ ദിമിട്രിവ് പ്രതികരിച്ചത്. വർദ്ധിച്ചു വരുന്ന ഊർജ്ജ പ്രതിസന്ധിക്കിടയിൽ, റഷ്യൻ ഊർജ്ജ സ്രോതസ്സുകളുടെ മേലുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തുന്നത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും സാധാരണയായി ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ഇതുവഴിയുള്ള കപ്പൽ ഗതാഗതം നിലവിലെ സാഹര്യങ്ങളുടെ പശ്ചാത്തലത്തിൽ സാധ്യവുമല്ല. ഇറാനും ഒമാനും ഇടയിലുള്ള ഈ ഇടുങ്ങിയ ചാനൽ കടക്കാൻ കഴിയാതെ ഗൾഫിൽ എണ്ണ ടാങ്കറുകൾ കുടുങ്ങിക്കിടക്കുകയാണ്. ഇതാണ് ആഗോള ഇന്ധന വിപണിയിൽ വിലക്കയറ്റത്തിന് കാരണമായത്.
