ടെഹ്റാൻ: യുഎസും ഇസ്രായേലുമായുമുള്ള യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. തങ്ങളുടെ നിബന്ധനകൾ പാലിച്ചാൽ ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ ഇറാൻ തയ്യാറാണെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയനാണ് പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘ഇറാന്റെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധക്കെടുതികൾക്ക് നഷ്ടപരിഹാരം നൽകുക, ഭാവിയിൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്രതലത്തിൽ ഉറപ്പുനൽകുക’ എന്നിവയാണ് യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച മൂന്ന് നിബന്ധനകൾ.
അതേസമയം, സമാധാന ചർച്ചകൾക്കിടയിലും, തങ്ങളുടെ തുറമുഖങ്ങൾ ആക്രമിക്കപ്പെട്ടാൽ കടുത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകുന്നുണ്ട്. മേഖലയിലെ അമേരിക്കൻ സാന്നിധ്യം ഒഴിവാക്കാൻ അയൽരാജ്യങ്ങളോട് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യൻ, പാകിസ്താൻ നേതാക്കളുമായി നടത്തിയ ചർച്ചകളിലും സമാധാനത്തിനുള്ള ഈ നിർദേശങ്ങൾ ഇറാൻ ആവർത്തിച്ചിട്ടുണ്ട്. നിലവിലെ സംഘർഷം അവസാനിപ്പിക്കാൻ ഈ ഉപാധികൾ പാലിക്കപ്പെടണമെന്നാണ് ഇറാന്റെ നിലപാട്. സയണിസ്റ്റ് ഭരണകൂടവും അമേരിക്കയും ചേർന്നാണ് ഈ യുദ്ധത്തിന് തിരികൊളുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
