കൊച്ചി മെട്രോയുടെ ഫീഡർ ബസ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഡാറ്റ അനലിറ്റിക്സ് ഡാഷ്ബോർഡും ഓപ്പറേഷൻസ് ഡിസ്പ്ലേ സിസ്റ്റവും അവതരിപ്പിച്ചു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഡയറക്ടർ (സിസ്റ്റംസ്) സഞ്ജയ് കുമാർ മുട്ടത്തെ ഫീഡർ ബസ് ടെർമിനലിൽ നടന്ന ചടങ്ങിൽ പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കൊച്ചി മെട്രോ നടപ്പിലാക്കുന്ന സാങ്കേതിക നവീകരണങ്ങളിലെ സുപ്രധാന ചുവടുവെയ്പ്പാണിത്.
ഫീഡർ ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ഫെയർ കളക്ഷൻ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങളും ബസ് ടെലിമാറ്റിക്സ് സംവിധാനങ്ങളിൽ നിന്നുള്ള ഡാറ്റയും ഏകോപിപ്പിച്ചാണ് ഡാഷ്ബോർഡ് പ്രവർത്തിക്കുന്നത്. ഇതുവഴി യാത്രക്കാരുടെ എണ്ണം, വരുമാനം, യാത്രക്കാർ ഉപയോഗിക്കുന്ന വിവിധ പേയ്മെന്റ് മാർഗങ്ങൾ, സ്ത്രീ-പുരുഷ യാത്രക്കാരുടെ കണക്കുകൾ തുടങ്ങിയ പ്രധാന വിവരങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ തത്സമയം നിരീക്ഷിക്കാനാകും. യാത്രക്കാരുടെ യാത്രാ സ്വഭാവം വിശകലനം ചെയ്ത് സർവീസുകൾ കൂടുതൽ ശാസ്ത്രീയമായി ആസൂത്രണം ചെയ്യാൻ ഇത് സഹായിക്കും.
ബസുകളുടെ ലൈവ് ലൊക്കേഷൻ, ഇലക്ട്രിക് ബസുകളുടെ ബാറ്ററി നില, ഓരോ സർവീസിന്റെയും പ്രകടനം എന്നിവ റിയൽ ടൈമിൽ അറിയാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതിലൂടെ പ്രവർത്തനങ്ങൾ കൃത്യമായി നിയന്ത്രിക്കാനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ തീരുമാനങ്ങൾ എടുക്കാനും സാധിക്കും. നഗരത്തിലെ ലാസ്റ്റ് മൈൽ കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിൽ ഈ സംവിധാനം നിർണ്ണായക പങ്ക് വഹിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ജർമ്മൻ വികസന സഹകരണ സംഘടനയായ ഗിസ് (GIZ) ഇന്ത്യയുടെ ‘സുമാകാ’ പദ്ധതിയുടെ സഹകരണത്തോടെയാണ് ഈ ഡാറ്റ അനലിറ്റിക്സ് പ്ലാറ്റ്ഫോം വികസിപ്പിച്ചത്. ചടങ്ങിൽ കൊച്ചി മെട്രോ അർബൻ ട്രാൻസ്പോർട്ട് വിഭാഗം അഡീഷണൽ ജനറൽ മാനേജർ റ്റി ജി ഗോകുൽ , ചീഫ് ജനറൽ മാനേജർ (ഓപ്പറേഷൻസ്) എ. മണികണ്ഠൻ, ജനറൽ മാനേജർ (എച്ച്.ആർ) മിനി ചാബ്ര, ഡെപ്യൂട്ടി ജനറൽ മാനേജർ വി സജിത് തുടങ്ങിയവർ പങ്കെടുത്തു.
