തിരുവനന്തപുരം: കേരള കോൺഗ്രസും കോൺഗ്രസും തമ്മിലുള്ള ഉഭയ കക്ഷി ചർച്ചകൾ വീണ്ടും അനിശ്ചിതത്തിലേക്ക്. ഇടുക്കി, തൃക്കരിപ്പൂർ തുടങ്ങിയ രണ്ടു സീറ്റുകൾ വിട്ടുനൽകാൻ കേരള കോൺഗ്രസ് സന്നദ്ധത അറിയിച്ചെങ്കിലും കോൺഗ്രസ് നേതൃത്വം മൂന്നു സീറ്റുകൾ തന്നെ വേണമെന്ന നിലപാടിലാണ്. വിജയ സാധ്യത മുൻനിർത്തി, ഏറ്റുമാനൂരും കുട്ടനാടും കൂടി വിട്ടു കൊടുക്കേണ്ടി വരുമെന്നു കേരള കോൺഗ്രസ് നേതൃത്വത്തെ ബോധ്യപ്പെടുത്തി മുന്നോട്ടു പോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
അതുപോലെ ഏറ്റുമാനൂർ കോൺഗ്രസ് ഏറ്റെടുക്കുകയാണെങ്കിൽ നാട്ടകം സുരേഷ്, ജി ഗോപകുമാർ, ജോസഫ് വാഴയ്ക്കൻ എന്നീ മൂന്നുപേരിൽ ഒരാൾക്കാണ് സാധ്യത. കുട്ടനാട്ടിൽ നിന്ന് അനിൽ ബോസ്, ഡോ. സിമ്മി ജോസഫ് , സജി ജോസഫ് തുടങ്ങിയ പേരുകളും ഉയരുന്നുണ്ട്.
അതേസമയം, പൂഞ്ഞാർ തിരിച്ചു കൊടുക്കുന്ന പക്ഷം ഏറ്റുമാനൂർ കോൺഗ്രസിന് തന്നെ വിട്ടുകൊടുക്കാൻ കേരള കോൺഗ്രസ് തയ്യാറായേക്കും. പൂഞ്ഞാറിൽ കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി പിസി തോമസിന്റെ പേരും കേൾക്കുന്നുണ്ട്.
