Home » Blog » Kerala » ഭാര്യയുടെ സ്ഥാനാർത്ഥിത്വം; എം.വി. ഗോവിന്ദന്റെ പേര് പറയാതെ പരോക്ഷ വിമർശനവുമായി എം.എ. ബേബി
1

മലപ്പുറം: തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പേര് പരാമർശിക്കാതെ പരോക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മലപ്പുറത്ത് നടന്ന ‘ഇഎംഎസിന്റെ ലോകം’ ദേശീയ സെമിനാറിന്റെ സമാപന സമ്മേളനത്തിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തിരഞ്ഞെടുപ്പിൽ കുടുംബാംഗങ്ങൾ മത്സരിച്ച പല സ്ഥലങ്ങളിലും ജനങ്ങൾ അവരെ പരാജയപ്പെടുത്തിയെന്ന വിലയിരുത്തൽ പാർട്ടി റിപ്പോർട്ടിലുണ്ടായിരുന്നുവെന്നും, എന്നിട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ സമാന സാഹചര്യം ആവർത്തിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനാണ് ബേബി മറുപടി നൽകിയത്.

“ഒരാൾ സ്വന്തം അർഹത കൊണ്ട് സ്ഥാനാർത്ഥിയാകുമ്പോൾ അവരുടെ ബന്ധുത്വം പറഞ്ഞ് ബൂർഷ്വാ മാധ്യമങ്ങൾ കടന്നാക്രമിക്കാറുണ്ട്. അത്തരം പ്രചാരണങ്ങളുടെ പിന്നാലെ പാർട്ടി പോകേണ്ടതില്ല. എന്നാൽ ഒരു നേതാവുമായി ബന്ധപ്പെട്ട ഒരാളെ സ്ഥാനാർത്ഥിയാക്കുന്നത് പാർട്ടിയെ മൊത്തത്തിൽ കടന്നാക്രമിക്കാൻ മാധ്യമങ്ങൾക്ക് അവസരം നൽകുമെന്ന് തോന്നുകയാണെങ്കിൽ, അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണം. അത്തരമൊരു സാഹചര്യത്തിൽ താനുമായി ബന്ധപ്പെട്ട ഒരാൾക്ക് പകരം മറ്റൊരാൾ മതി എന്ന് തീരുമാനിക്കാൻ നേതാവ് തന്നെ മുൻകൈയെടുക്കുന്നതാണ് ശരിയായ രീതി” – എം.എ. ബേബി പറഞ്ഞു.

കണ്ണൂരിൽ ഉണ്ടായ ഒരു സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ലെന്ന സ്വയംവിമർശനം ജില്ലാ കമ്മിറ്റി നടത്തിയെന്നും അത് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുണ്ടെന്നും ബേബി കൂട്ടിച്ചേർത്തു.

വിഷയത്തിൽ മാധ്യമങ്ങൾ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും ബേബി ആരോപിച്ചു. “യുഡിഎഫിന്റെ കാര്യത്തിൽ അച്ഛൻ, മകൻ, ഭാര്യ, ഭർത്താവ് തുടങ്ങിയ ബന്ധങ്ങളുള്ള ഒട്ടേറെപ്പേർ സ്ഥാനാർത്ഥികളാകുകയും വിജയിക്കുകയും ചെയ്തിട്ടും മാധ്യമങ്ങൾ അത് പ്രശ്നമാക്കാറില്ല. എന്നാൽ സിപിഎമ്മിൽ അത്തരത്തിലുള്ള ആക്ഷേപം വന്നത് രണ്ടോ മൂന്നോ കേസുകളിൽ മാത്രമാണ്” – അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റുകാർ ആദ്യം ജനസേവകരാണെന്നും ജനങ്ങളോട് മാന്യമായും സ്നേഹത്തോടെയും പെരുമാറേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. താഴെത്തട്ടിൽ ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുന്നത് പ്രസ്ഥാനത്തിന് ദോഷകരമാണെന്നും വിമർശനങ്ങളെയും സ്വയംവിമർശനങ്ങളെയും പാർട്ടി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെക്കുറിച്ചും ബേബി പ്രതികരിച്ചു. “വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾക്കെതിരെ പാർട്ടി സെക്രട്ടേറിയറ്റ് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, വെള്ളാപ്പള്ളിയെ ഇതിലും ശക്തമായ ഭാഷയിൽ വിമർശിക്കേണ്ടതായിരുന്നു എന്നൊരു വിലയിരുത്തൽ പാർട്ടി സംസ്ഥാന കമ്മിറ്റി നടത്തിയിട്ടുണ്ട്.” – അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പൊളിറ്റ് ബ്യൂറോയിൽ വോട്ടെടുപ്പ് നടന്നുവെന്ന തരത്തിലുള്ള വാർത്തകളും അദ്ദേഹം തള്ളി.

“കേരളത്തിലെ നേതൃത്വപരമായ കാര്യങ്ങൾ തീരുമാനിക്കുന്നത് സംസ്ഥാന സെക്രട്ടേറിയറ്റാണ്. അത് പൊളിറ്റ് ബ്യൂറോയെ അറിയിച്ചപ്പോൾ ഓൺലൈൻ യോഗത്തിലൂടെ എല്ലാവരും ചേർന്ന് ഐകകണ്ഠേന അംഗീകരിക്കുകയായിരുന്നു. വോട്ടെടുപ്പ് നടന്നുവെന്ന പ്രചാരണം അസത്യമാണ്.” – എം.എ. ബേബി പറഞ്ഞു.