കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങവേ, എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. നാവികസേനയുടെ വിമാനത്താവളത്തിലിറങ്ങുന്ന അദ്ദേഹം തേവര മുതൽ എംജി റോഡ് വരെ നീളുന്ന വൻ റോഡ് ഷോയിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പ് ഗോദയിൽ ആദ്യഘട്ടത്തിൽ തന്നെ പ്രധാനമന്ത്രിയെ എത്തിച്ച് രാഷ്ട്രീയ മുൻതൂക്കം നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രചാരണ പ്രവർത്തനങ്ങൾക്ക് പുറമെ റെയിൽവേ ഉൾപ്പെടെയുള്ള വിവിധ വികസന പദ്ധതികളുടെ സമർപ്പണവും അദ്ദേഹം നിർവഹിക്കും.
കൊച്ചിയിൽ ഏകദേശം 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നിർവഹിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) കൊച്ചി റിഫൈനറിയിലെ പോളിപ്രൊപ്പിലീൻ യൂണിറ്റാണ്. 5,500 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ യൂണിറ്റ് പ്രതിവർഷം 400 കിലോ ടൺ ഉൽപ്പാദന ശേഷിയുള്ളതാണ്. പാക്കേജിംഗ്, ഓട്ടോമോട്ടീവ്, മെഡിക്കൽ മേഖലകളിൽ അത്യാവശ്യമായ പോളിമറുകളുടെ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനും ഇറക്കുമതി കുറയ്ക്കാനും ഈ പദ്ധതി സഹായിക്കും.
റോഡ് അടിസ്ഥാന സൗകര്യ മേഖലയിൽ രണ്ട് പ്രധാന ദേശീയപാത പദ്ധതികളാണ് പ്രധാനമന്ത്രി നാടിന് സമർപ്പിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടത് ദേശീയപാത 66-ലെ തലപ്പാടി-ചെങ്കള വിഭാഗത്തിന്റെ ആറുവരിപ്പാതയാണ്. 2,650 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ പാത കാസർഗോഡ്, കണ്ണൂർ ജില്ലകൾ തമ്മിലുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തും. മുംബൈ-കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ ഈ പദ്ധതി വിനോദസഞ്ചാര മേഖലയ്ക്കും അഴീക്കൽ തുറമുഖത്തിന്റെ വികസനത്തിനും വലിയ കരുത്താകും. ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.
