ഇന്ത്യയിലെ കൈത്തറി വസ്ത്രങ്ങള്‍ കേവലം തുണിത്തരങ്ങള്‍ മാത്രമല്ല; അവ കഥകളും നൈപുണ്യവും വികാരങ്ങളും കോര്‍ത്തിണക്കി നെയ്തെടുത്ത സജീവമായ പാരമ്പര്യങ്ങളാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള പൈതാനി ഗുജറാത്തിലും രാജസ്ഥാനിലും നിന്നുള്ള ബന്ധാനി, ലഖ്നൗവില്‍ നിന്നുള്ള ചികന്‍കാരി, കേരളത്തില്‍ നിന്നുള്ള കസവ്, കര്‍ണാടകയില്‍ നിന്നുള്ള മൈസൂര്‍ സില്‍ക്ക്, തെലങ്കാനയില്‍ നിന്നുള്ള പോച്ചമ്പള്ളി ഇക്കത്ത്, ആസാമില്‍ നിന്നുള്ള മുഗ സില്‍ക്ക് അങ്ങനെ ഓരോ സംസ്ഥാനത്തിനും അതിന്‍റേതായ കൈത്തറി പാരമ്പര്യമുണ്ട്.
ഇത്തരം വസ്ത്രങ്ങള്‍ വളരെ മൃദുവായതും പരിപാലിക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണെന്ന ധാരണ പലര്‍ക്കും ഉണ്ടാകുന്നതിനാല്‍ കൈത്തറ വസ്ത്രങ്ങള്‍ അധികം ധരിക്കാന്‍ പലപ്പോഴും ആളുകള്‍ മടിക്കുന്നു. ഈ കൈത്തറി പാരമ്പര്യങ്ങളെ സംരക്ഷിക്കുന്നത് വീടുകളില്‍ നിന്നാണ് ആരംഭിക്കുന്നത്. അവ ദീര്‍ഘകാലം ഈടുനില്‍ക്കാന്‍ ശരിയായ കഴുകല്‍ രീതികള്‍ അത്യാവശ്യമാണ്. കൈത്തറി വസ്ത്രങ്ങള്‍ പരിപാലിക്കാന്‍ സഹായിക്കുന്നതിന് ലളിതമായ വാഷിംഗ് ടിപ്പുകള്‍ ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ അപ്ലയന്‍സസ് ബിസിനസിലെ വാഷിംഗ് മെഷീന്‍സ് മേധാവി മനീഷ് ശര്‍മ്മ പങ്കുവച്ചു.
കഴുകുന്നതിനുമുമ്പ് തുണിത്തരങ്ങള്‍ തരംതിരിക്കുക
കൈത്തറികള്‍ വൈവിധ്യപൂര്‍ണ്ണമാണ്. ഓരോന്നിനും അതിന്‍റേതായ നെയ്ത്ത്, നൂലിന്‍റെ എണ്ണം, ഡൈയിംഗ് ടെക്നിക് എന്നിവയുണ്ട്. അവയില്‍ മിക്കതിനും മൃദുലമായ പരിചരണം ആവശ്യമാണ്. തുണിത്തരങ്ങള്‍ മനസ്സിലാക്കുക എന്നതാണ് അതിന്‍റെ ഘടനയും തിളക്കവും സംരക്ഷിക്കുന്നതിനുള്ള ആദ്യപടി. എല്ലാ കൈത്തറി തുണിത്തരങ്ങളും മെഷീന്‍ വാഷിന് അനുയോജ്യമല്ലായിരിക്കാം എന്നതിനാല്‍ എല്ലായ്പ്പോഴും വസ്ത്ര സംരക്ഷണ ലേബല്‍ പരിശോധിക്കുക. പ്രത്യേകിച്ച് സങ്കീര്‍ണ്ണമായ വര്‍ക്ക് ഉള്ളതോ നിറം മങ്ങാന്‍ സാധ്യതയുള്ളതോ ആയവ.
ഡ്രമ്മില്‍ അമിതഭാരം കയറ്റുന്നത് ഒഴിവാക്കുക.
കൈത്തറി വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ വാഷിംഗ് മെഷീനില്‍ ഇടം ആവശ്യമാണ്. അമിതഭാരം മൂലം കെട്ടുപിണയല്‍, ചുളിവുകള്‍, അമിതമായ ഉരച്ചിലുകള്‍ എന്നിവ ഉണ്ടാകുന്നു. കൈത്തറി വസ്ത്രങ്ങള്‍ വെവ്വേറെയോ സമാനമായ ഭാരം കുറഞ്ഞ തുണിത്തരങ്ങള്‍ക്കൊപ്പമോ കഴുകുക. അവയ്ക്ക് മതിയായ ഇടം നല്‍കുന്നത് നൂലുകളിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും വസ്ത്രത്തിന്‍റെ സ്വാഭാവിക ഘടന സംരക്ഷിക്കുകയും ചെയ്യും.
കൈത്തറി വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ സാധാരണ താപനിലയിലുള്ള വെള്ളവും നേരിയ ഡിറ്റര്‍ജന്‍റും ഉപയോഗിക്കുക.
ചൂട് സ്വാഭാവിക നാരുകളെ ദുര്‍ബലപ്പെടുത്തുകയും കൈത്തറി വസ്ത്രങ്ങളെ ചുരുക്കുന്നതിനും നിറം മങ്ങുന്നതിനും ഇടയാക്കും. എല്ലായ്പ്പോഴും 20-25 ഡിഗ്രി സെല്‍ഷ്യസില്‍ സാധാരണ താപനിലയിലുള്ള വെള്ളം ഉപയോഗിക്കുക. മിക്ക വീര്യം കൂടിയ ഡിറ്റര്‍ജന്‍റുകളും ബ്ലീച്ചും കൈത്തറി തുണിത്തരങ്ങളില്‍ നല്ലതല്ല. അതിനാല്‍ നിങ്ങളുടെ കൈത്തറി തുണിത്തരങ്ങളുടെ നിറങ്ങളും നാരുകളും സംരക്ഷിക്കുന്നതിന് നേരിയ ഡിറ്റര്‍ജന്‍റ് ഉപയോഗിക്കുന്നതാണ് നല്ലത്.
കൈത്തറി വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ ജെന്‍റില്‍ വാഷ് ഫീച്ചര്‍ തിരഞ്ഞെടുക്കുക
വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ എപ്പോഴും ജെന്‍റില്‍ വാഷ് മോഡ് തിരഞ്ഞെടുക്കുക. കൈത്തറി തുണികളുടെ ലോലമായ നെയ്ത്ത് സംരക്ഷിക്കുന്നതിനും ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ശ്രദ്ധ അത്യാവശ്യമാണ്. കൈത്തറി വസ്ത്രങ്ങള്‍ കഴുകാന്‍ അനുയോജ്യമായ വാഷിംഗ് മെഷീന്‍ തിരഞ്ഞെടുക്കണം. ഇവ വിവിധ തരം കൈത്തറി തുണിത്തരങ്ങള്‍ വൃത്തിയാക്കാന്‍ രൂപകല്‍പ്പന ചെയ്തതാണെന്ന് ഉറപ്പാക്കുകയും വേണം.
അലക്കുന്നതുപോലെ തന്നെ പ്രധാനമാണ് വസ്ത്രങ്ങള്‍ ഉണക്കുമ്പോള്‍ നല്‍കുന്ന ശ്രദ്ധയും
വസ്ത്രങ്ങളിലെ വെള്ളം നീക്കം ചെയ്യുന്നതിനായി പിഴിയുന്നത് ഒഴിവാക്കുക, കാരണം വസ്ത്രങ്ങളുടെ ഇഴകള്‍ പൊട്ടുന്നതിനും ദുര്‍ബലമാകുന്നതിനും കാരണമാകും. പകരം, കുറഞ്ഞ ആര്‍പിഎമ്മുകളില്‍ പ്രവര്‍ത്തിക്കുന്ന ഓഫ്-ലോഡ് വാഷിംഗ് മെഷീനുകളില്‍ മൃദുവായ സ്പിന്‍ സൈക്കിള്‍ തിരഞ്ഞെടുക്കുക. ഇത് തുണിയുടെ ഘടനയ്ക്ക് കേടുപാടുകള്‍ വരുത്താതെ അധിക ഈര്‍പ്പം ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്യും. കഴുകിയ ശേഷം എല്ലായ്പ്പോഴും തണലുള്ളതും നന്നായി വായുസഞ്ചാരമുള്ളതുമായ സ്ഥലത്ത് കൈത്തറികള്‍ ഉണക്കുക. നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത് നിറങ്ങള്‍ മങ്ങാനും തുണികളുടെ ഈട് നഷ്ടപ്പെടുന്നതിനും കാരണമാകും. ഇത് കൈത്തറികളുടെ ആയുസ് കുറയ്ക്കും.
ലളിതവും വിശ്വസനീയവുമായ പരിചരണ രീതികള്‍ ഉപയോഗിച്ച് കൈത്തറിവസ്ത്രങ്ങള്‍ പരിപാലിച്ചാല്‍ അഭിമാനത്തോടെ ദീര്‍ഘകാലം ധരിക്കാന്‍ കഴിയും.
