Home » Blog » Kerala » “ഗണേഷ് കുമാറിന് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്, പ്രണയം ഇല്ലാത്തവൻ പൊട്ടനാണ്, അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണും”; ഭാര്യയുടെ ആരോപണത്തിൽ പ്രതികരിച്ച് മന്ത്രി
11

കൊല്ലം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ ബിന്ദു മേനോൻ. 2014 ൽ വിവാഹം കഴിഞ്ഞ ശേഷം ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. 2019 ൽ വലിയ പ്രശ്നമുണ്ടായപ്പോഴും ശ്രീലേഖയെ ബന്ധപ്പെട്ടിരുന്നു. എന്തുക്കൊണ്ടാണ് ഗണേഷ് കുമാറിനു പ്രശ്നമെന്ന് ലോകം മുഴുവൻ അറിയാമെന്നും ബിന്ദു മേനോൻ പറഞ്ഞു.

‘‘മന്ത്രിയുടെ കൂടെയുള്ള സുഹൃത്തുക്കളും ജീവനക്കാരും എനിക്ക് എതിരാണ്. ഞാൻ പൂർണമായും ഒറ്റയ്ക്കാണ്. എനിക്ക് ഓർമയില്ലാത്ത ഒരു അമ്മയാണുള്ളത്. പല സ്ത്രീകളുടെയും പ്രശ്നം വച്ച് ഞാൻ വഴക്ക് കൂടും. ഞാൻ പല സ്ത്രീകളെയും വിളിച്ച് ഫയർ ചെയ്തിട്ടുണ്ട്. എനിക്ക് സംശയ രോഗമാണെന്നാണ് എന്റെ വീട്ടുകാരെ വിളിച്ചു പറയുന്നത്. ഞാൻ ആരോടും പറയാതെയാണ് വീട്ടിലേക്ക് പോയത്. അവിടെ പോയപ്പോൾ ബെഡ്റൂമിൽ ഞാൻ കണ്ടത് ഫോട്ടോയെടുക്കാൻ നോക്കി. അത് പറയാൻ പറ്റില്ല. അതിന്റെ എല്ലാ ചിത്രങ്ങളും എന്റെ കൈയ്യിലുണ്ട്. ഞാൻ മന്ത്രിയേയോ കൂടെയുള്ള ആളെയോ ഒന്നും ചെയ്യാൻ ശ്രമിച്ചില്ല. പക്ഷേ ഞാൻ ഫോട്ടോയെടുക്കാൻ ശ്രമിച്ചു. ഞാൻ ഉടനെ ശ്രീലേഖ ചേച്ചിയെ വിളിച്ചു.

കൺട്രോൾ റൂമിൽ വിളിക്കാൻ ലേഖ ചേച്ചിയാണ് പറഞ്ഞത്. പ്രദീപ് എന്ന് പറഞ്ഞയാൾ വാതിൽ തുറക്കാൻ സമ്മതിച്ചില്ല. പൊലീസ് വരുന്നതിനു മുൻപ് സ്ത്രീയെ അവിടെ നിന്ന് മാറ്റി. ഗണേഷ് കുമാർ ഉള്ളിലേക്ക് ഓടി. പൊലീസ് വന്ന് യാമിനി തങ്കച്ചിയാണോ എന്ന് ചോദിച്ചു. ചേച്ചി ഒന്ന് അടങ്ങ് സാറിനൊരു തെറ്റുപറ്റി പോയെന്ന് മന്ത്രിയുടെ സ്റ്റാഫായ മനോജ് പറഞ്ഞു. മനോജ് എന്റെ കാലിൽ വീണു. ഇതിന്റെയെല്ലാം തെളിവ് എന്റെ കയ്യിലുണ്ട്. മന്ത്രി എന്നെ രണ്ട് മാസമായി ബ്ലോക്ക് ചെയ്തിരിക്കുകയാണ്. എന്നോട് ഒരു മാപ്പ് പറഞ്ഞിരുന്നുവെങ്കിൽ ഞാനൊന്നും പറയില്ലായിരുന്നു. അതൊന്നും ചെയ്യാതെയാണ് എനിക്കെതിരെ വാർത്താ സമ്മേളനം നടത്തിയത്. മുഖ്യമന്ത്രിയുടെ മകളെ വിളിച്ചും ഞാൻ കാര്യം അറിയിച്ചിരുന്നു’’ – ബിന്ദു മേനോൻ പറഞ്ഞു.

അതേസമയം, വ്യക്തിപരമായ കാര്യങ്ങളെ സൈബറിടങ്ങളിൽ പൈസ കൊടുത്ത് ആക്രമിക്കുകയാണെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. കോൺഗ്രസും യുഡിഎഫും നടത്തുന്ന രാഷ്ട്രീയമാണത്. ബിജെപിയും ഇതിൽ പങ്കാളിയാണ്. പത്തനാപുരം നിയോജക മണ്ഡലത്തിൽ ഇത്തരം കഥകൾക്ക് പ്രസക്തിയില്ല. 2001ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ആളുകൾക്ക് സിനിമാ നടനെന്നും ബാലകൃഷ്ണപിള്ളയുടെ മകൻ എന്നും അല്ലാതെ തന്നെ അറിയില്ലായിരുന്നു. തന്നെപ്പറ്റി അന്ന് പറയാത്ത അസഭ്യങ്ങളില്ല. അന്ന് ഭാര്യയായിരുന്ന സ്ത്രീ 25 പേജുള്ള പുസ്തകം അടിച്ചാണ് തനിക്കെതിരെ വിതരണം ചെയ്തതെന്നും ഗണേഷ് കുമാർ പറഞ്ഞു.

‘‘ഇതൊന്നും കേരള ജനതയ്ക്ക് ആവശ്യമില്ല. ഗണേഷ് കുമാറിനു പ്രണയമുണ്ടോ എന്ന ചോദ്യം മാധവിക്കുട്ടിക്ക് പ്രണയം ഉണ്ടോയെന്ന് ചോദിക്കും പോലെയാണ്. ഗണേഷ് കുമാറിന് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. പ്രണയം ഇല്ലാത്തവൻ പൊട്ടനാണ്. അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണും. നെഹ്റുവിന് പ്രണയമുണ്ടായിരുന്നു. വാജ്പേയിക്ക് പ്രണയമുണ്ടായിരുന്നു. രാജീവ് ഗാന്ധി പ്രണയിച്ചല്ലേ കല്യാണം കഴിച്ചത്.

തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഞാൻ അഴിമതിക്കാരനാണെന്ന് പറയാൻ പറ്റില്ലല്ലോ. ഇതിനെക്കാൾ വലുത് 2016ലെ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നു. എപ്പോഴും ശത്രുക്കൾ വീട്ടിനുള്ളിൽ നിന്നാണ്. കെഎസ്ആർടിസി ജീവനക്കാർ ഒന്നടങ്കം എന്നോടൊപ്പം നിൽക്കുകയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസുകാർക്ക് ജാഥ നടത്താനുള്ള സംഘടനയല്ല എൻഎസ്എസ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇതൊക്കെ ഞാൻ നേരത്തെ പ്രതീക്ഷിക്കുന്നതാണ്.

ഗണേഷ് കുമാറിനെ പ്രണയിക്കുന്നവരും ഗണേഷ് കുമാർ പ്രണയിക്കുന്നവരും ഇഷ്ടം പോലെയുണ്ട്. എന്നെ എന്നാണ് ജനങ്ങൾ എതിർത്തത് ? എന്റെ പേരിൽ ഒരുപാട് കേസുകളുണ്ടെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചത്. എന്റെ പേരിൽ ഒരു പെറ്റി കേസ് പോലുമില്ല. എന്റെ നിഷ്കളങ്കത എന്നെ സഹായിക്കും. പറയുന്നവർ ചീത്തയാകുമെന്നല്ലാതെ പത്തനാപുരത്തുകാർ വിശ്വസിക്കില്ല. ആരാണ് ശ്രീലേഖ? അവർക്ക് മേയറാകാൻ പറ്റാത്തതിന്റെ കുശുമ്പാണ്. അവർ ബിജെപിയും ഞാൻ എൽഡിഎഫും ആണ്. വട്ട് മൂത്താൽ ആർക്കും 112ൽ വിളിക്കാം. ഈ ആരോപണം പത്തനാപുരത്ത് കൂടുതൽ ഭൂരിപക്ഷം ഉണ്ടാക്കി തരും. ഞാൻ വൻഭൂരിപക്ഷത്തിൽ ജയിക്കും. വീടിന്റെ അകത്തുള്ള കാര്യം മാധ്യമങ്ങളോട് പറയേണ്ടെന്ന് കരുതി. എല്ലാവർക്കും പ്രണയമുണ്ട്. ചിലർ ഒളിച്ചുവയ്ക്കുന്നു, ചിലർ പരസ്യമായി പറയുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രണയമുണ്ടായിരുന്നത് ജവഹർലാൽ‌ നെഹ്റുവിനാണ് ’’ – ഗണേഷ് കുമാർ പറഞ്ഞു.

പ്രശ്‌നമുണ്ടായതിനു പിന്നാലെ ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മന്ത്രി ഗണേഷ് കുമാറിന്റെ ഭാര്യ ശ്രീലേഖയെ വിളിച്ചാണ് ഉപദേശം തേടിയത്. കാര്യങ്ങള്‍ കേട്ടതിനു ശേഷം സുരക്ഷയ്ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 112 ടോള്‍ ഫ്രീ നമ്പറില്‍  വിളിക്കാനാണ് ശ്രീലേഖ നിര്‍ദേശിച്ചത്. ഇതനുസരിച്ച് അവര്‍ 112 നമ്പറില്‍ വിളിച്ച് താനാരാണെന്നും എന്താണു പ്രശ്‌നമെന്നും അറിയിച്ചിരുന്നു. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും വീട്ടിലേക്കു കയറാന്‍ അനുവദിച്ചില്ല. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വാളകത്തെ വീട്ടിലേക്കു ഗണേഷ് കുമാറിന്റെ ഭാര്യ അറിയിപ്പില്ലാതെ എത്തിയതോടെയാണ് പ്രശ്‌നത്തിനു തുടക്കമായത്. അവിടെ ഉണ്ടായ കാര്യങ്ങളുടെ ഫോട്ടോ എടുത്തതോടെ ചിലര്‍ ഇടപെട്ട് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വിട്ടുകൊടുത്തില്ല. തുടര്‍ന്ന് ഒരുവിധത്തില്‍ പുറത്തിറങ്ങി വന്ന ടാക്‌സിയില്‍ തന്നെ മടങ്ങിപ്പോകുകയായിരുന്നു.