Home » Blog » kerala Mex » വഞ്ചകൻ, കൊലപാതകി, കുടുംബം തകർക്കുന്നയാൾ; പാക് താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ
IMG_20260218_190315

പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ താരം ഇമാദ് വസീമിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുൻ ഭാര്യ സാനിയ അഷ്ഫാഖ് രംഗത്തെത്തി. താരം രണ്ടാമതും വിവാഹിതനായ വിവരം വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് സാനിയ ഇൻസ്റ്റഗ്രാമിലൂടെ കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉന്നയിച്ചത്. ഇമാദിനെ ‘വഞ്ചകൻ, കൊലപാതകി, കുടുംബം തകർക്കുന്നയാൾ’ എന്നിങ്ങനെ വിശേഷിപ്പിച്ച സാനിയ, താനും മക്കളും അനുഭവിച്ച കഷ്ടപ്പാടുകൾക്ക് താരം മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.

2023 ഡിസംബറിൽ തന്നെ നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്ന് സാനിയ ആരോപിക്കുന്നു. ഇതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും ഇമാദ് ഒരു ‘കൊലപാതകി’ ആണെന്നും അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇൻഫ്ലുവൻസറും അഭിഭാഷകയുമായ നൈല രാജയെയാണ് ഇമാദ് വിവാഹം കഴിച്ചത്. താൻ ഗർഭിണിയായിരുന്ന സമയത്തുതന്നെ ഇമാദ് മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തിയിരുന്നതായും ചതിക്കുകയായിരുന്നുവെന്നും സാനിയ വെളിപ്പെടുത്തി.

2019-ൽ വിവാഹിതരായ ഇമാദും സാനിയയും കഴിഞ്ഞ ഡിസംബറിലാണ് നിയമപരമായി വേർപിരിഞ്ഞത്. ഇവർക്ക് മൂന്ന് മക്കളുണ്ട്. പാകിസ്ഥാൻ പ്രീമിയർ ലീഗിൽ താരത്തെ ടീമിലെടുത്ത ഇസ്‍ലാമാബാദ് യുണൈറ്റഡിനെതിരെയും സാനിയ പ്രതിഷേധം രേഖപ്പെടുത്തി. എന്നാൽ ഈ ആരോപണങ്ങളോട് ഇമാദ് വസീം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.