പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി. മെയ് 20 വരെ പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ വിശ്രമ വേളയായിരിക്കും. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായി ജോലി സമയം നിജപ്പെടുത്തിയും ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലും പുന:ക്രമീകരിച്ചു. സമുദ്ര നിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. തൊഴിലുടമകള്‍ തൊഴിലാളികളുടെ ജോലി സമയം ഇതേ രീതിയില്‍ പുന:ക്രമീകരിച്ച് നല്‍കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ ലേബര്‍ ആഫീസര്‍ അറിയിച്ചു.
