കൊല്ലം പുനലൂർ പ്ലാച്ചേരിയിൽ വീട്ടുമുറ്റത്ത് നിന്ന ദമ്പതികളെ കുറുനരി ക്രൂരമായി ആക്രമിച്ചു. പ്ലാവിള വീട്ടിൽ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പകൽ 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബാബുവിന്റെ മുഖത്ത് അപ്രതീക്ഷിതമായി ചാടിവീണ കുറുനരി മുഖത്ത് കടിച്ചുപിടിക്കുകയായിരുന്നു. ഭർത്താവിനെ രക്ഷിക്കാൻ ഓടിയെത്തിയ ഭാര്യ സജിയെയും കുറുനരി ആക്രമിച്ചു. ഇരുവരുടെയും നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് കുറുനരിയെ തുരത്തി ദമ്പതികളെ രക്ഷിച്ചത്. മുഖത്തും കൈകാലുകൾക്കും സാരമായി പരിക്കേറ്റ ബാബുവിനെയും സജിയെയും പുനലൂർ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ജനവാസ മേഖലയിൽ കുറുനരിയുടെ ആക്രമണം ഉണ്ടായത് പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
