Your Image Description Your Image Description

തിരുവനന്തപുരം: കൂടിയാലോചനകളിലൂടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിരുന്നെങ്കില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഫലം വ്യത്യസ്തമാകുമായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞിട്ടും ഗ്രൂപ്പുകള്‍ തമ്മില്‍ പോരടിച്ചില്ലായിരുന്നെങ്കില്‍ വലിയ വിജയത്തിലേക്ക് തന്നെ കോണ്‍ഗ്രസ് നീങ്ങുന്ന സാഹചര്യമുണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അതില്ലാതെ പോയത് ഗ്രൂപ്പുകള്‍ തമ്മിലുള്ള മത്സരം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മെറിറ്റ് നോക്കാതെ, ജയസാധ്യത നോക്കാതെ, ജനസ്വീകാര്യത നോക്കാതെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതു മൂലമാണ്. താന്‍ അതില്‍ വളരെ ദുഃഖിതനായിരുന്നു. അതില്‍ ഒരുമാറ്റം സുധാകരനിലൂടെയും സതീശനിലൂടെയും ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

അതുകൊണ്ടു തന്നെ അവര്‍ ചുമതലയേറ്റ ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍, സ്ഥാനങ്ങള്‍ നിശ്ചയിക്കുമ്പോള്‍ ഇന്ന ഗ്രൂപ്പിന് ഇന്ന ജില്ല എന്നു ചാര്‍ത്തിക്കൊടുക്കാതെ, ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പദത്തിലേക്ക് പേരുകള്‍ വരുമ്പോള്‍ അവര്‍ ആ സ്ഥാനത്തിന് അനുയോജ്യരാണോ അല്ലയോ എന്ന് കൂട്ടായി ചര്‍ച്ച ചെയ്യണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു.

നിര്‍ഭാഗ്യവശാല്‍ ആ രീതിയിലല്ല കാര്യങ്ങള്‍ പോയത്. ആദ്യത്തെ ആലോചനായോഗത്തില്‍ തന്നെ മുന്‍ പിസിസി പ്രസിഡന്റുമാരെ ഒഴിവാക്കി. അതില്‍ കെ മുരളീധരന്‍ മാത്രമാണ് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചത്. പിന്നീട് ഡല്‍ഹിയില്‍ ഏകപക്ഷീയമായി യാതൊരു ചര്‍ച്ചയും കൂടാതെ ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതാണ് കണ്ടത്. താന്‍ ഇതിന്റെ ഭാഗമല്ല എന്നു മനസ്സിലാക്കിയതോടെയാണ് ഫെയ്‌സ്ബുക്കില്‍ വിയോജനക്കുറിപ്പ് ഇട്ടത്.

ഇതിനു പിന്നാലെയാണ് കെ സുധാകരന്‍ കാണാന്‍ വന്നത്. നിങ്ങളുടെ രീതി ശരിയല്ലെന്നും, ഇത് മുമ്പത്തേക്കാള്‍ മോശമായ തലത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുക. ആ അവസ്ഥ വരരുത്. അതിനാല്‍ കൂട്ടായ ആലോചനകളും ചര്‍ച്ചകളും വേണം. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ വേണം ഓരോരോ സ്ഥാനങ്ങളിലേക്കും ആളുകളെ നിയോഗിക്കേണ്ടതെന്ന് സുധാകരനോട് പറഞ്ഞു. എന്നാല്‍ ആ തരത്തിലുള്ള ചര്‍ച്ചകളൊന്നുമില്ലാതെ ഏകപക്ഷീയമായി പ്രഖ്യാപനം ഉണ്ടാകുകയായിരുന്നു എന്ന് വി എം സുധീരന്‍ പറഞ്ഞു.

പണ്ട് രണ്ടു ഗ്രൂപ്പുകളുടെ താല്‍പ്പര്യം സംരക്ഷിച്ചാല്‍ മതിയായിരുന്നെങ്കില്‍, ഇപ്പോള്‍ അഞ്ചു ഗ്രൂപ്പുകളുടെ താല്‍പ്പര്യം സംരക്ഷിക്കേണ്ട സ്ഥിതിയാണ്. അതുകൊണ്ട് ഹൈക്കമാന്‍് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചു. എന്നാല്‍ ഒരു പ്രതികരണവും ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് രാഷ്ട്രീയകാര്യസമിതിയില്‍ നിന്നും രാജിവെച്ചത്. തുടര്‍ന്ന് എഐസിസി അംഗത്വവും രാജിവെച്ചു. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കാണാനെത്തുകയും പ്രശ്‌നങ്ങളില്‍ പരിഹാരം ഉണ്ടാക്കുമെന്ന് പറയുകയും ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധിയും വിളിച്ചു പരിഹാരം കാണുമെന്ന് പറഞ്ഞെങ്കിലും, നിര്‍ഭാഗ്യവശാല്‍ യാതൊരു നടപടിയുണ്ടായില്ല. എഐസിസിയോ കെപിസിസി നേതാക്കളോ താനുന്നയിച്ച പരാതികള്‍ക്ക് പരിഹാരം ഉണ്ടാക്കാനോ, അത്തരം നടപടികള്‍ സംഘടനയ്ക്ക് ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യുന്നില്ല എന്നു കണ്ടതോടെയാണ് കെപിസിസി സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞത്.

അതേസമയം ഒട്ടുമിക്ക ഡിസിസി പരിപാടികളിലും കോണ്‍ഗ്രസ് പരിപാടികളിലും താന്‍ പങ്കെടുക്കാറുണ്ടെന്നും വി എം സുധീരന്‍ വ്യക്തമാക്കി. അങ്ങനെയുള്ള താന്‍ പാര്‍ട്ടി വിട്ടുവെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞത്. അദ്ദേഹം പറയുന്ന പല കാര്യങ്ങളും അദ്ദേഹത്തിന് തന്നെ ശരിയായി മനസ്സിലാക്കാന്‍ പറ്റുന്നില്ല. പലപ്പോഴും തിരുത്തേണ്ടി വരുന്നുണ്ട്. ഈ കാര്യവും അദ്ദേഹത്തിന് തിരുത്തേണ്ടി വരുമെന്ന് ഉറപ്പുണ്ട്. കെപിസിസി യോഗത്തില്‍ താന്‍ പറഞ്ഞ കാര്യത്തില്‍ ആ യോഗത്തില്‍ പ്രതികരിക്കാതെ പരസ്യമായി പ്രതികരിച്ച കെ സുധാകരന്റെ നടപടി ഔചിത്യക്കുറവാണെന്ന് വി എം സുധീരന്‍ വിമര്‍ശിച്ചു.

വിമര്‍ശനമുന്നയിച്ച തന്നേപ്പോലുള്ളവര്‍ പോകുന്നെങ്കില്‍ പോകട്ടെ എന്നതാണ് അവരുടെ നിലപാടെന്ന് മനസ്സിലായി. എന്നാല്‍ ഒരു കാര്യം വ്യക്തമാക്കുകയാണ്. അവരൊക്കെ കോണ്‍ഗ്രസില്‍ വരുന്നതിന് മുമ്പേ താന്‍ കോണ്‍ഗ്രസുകാരനാണ്. 16 വയസ്സില്‍ കെ എസ് യുവിന്റെ സംസ്ഥാന കമ്മിറ്റിയില്‍ അംഗമായ ആളാണ്. അന്നു മുതല്‍ കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. എന്നൊപ്പോലുള്ളവര്‍ പണി നിര്‍ത്തി പോയി എന്നാണ് പ്രചരിപ്പിക്കുന്നത്. ഇവരൊന്നും പ്രചരിപ്പിക്കുന്നത് സദുദ്ദേശത്തോടു കൂടെയല്ലെന്ന് വി എം സുധീരന്‍ പറഞ്ഞു.

മതേതരത്വമാണ് കോണ്‍ഗ്രസിന്റെ ഏറ്റവും അടിസ്ഥാനമായ തത്വം. മതേതര മൂല്യങ്ങള്‍ വെള്ളം ചേര്‍ക്കപ്പെടുകയാണ്. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മൃദുഹിന്ദുത്വവുമായി മുന്നോട്ടു പോയി. ബിജെപി വെച്ചു പുലര്‍ത്തുന്ന തീവ്ര ഹിന്ദുത്വ വികാരത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടാന്‍ പറ്റില്ല. ഇക്കാര്യം ചിന്തന്‍ ശിബിരില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു. നെഹ്‌റുവിന്റെ കാലത്തെ മതേതരത്വത്തിലേക്ക് മടങ്ങിപ്പോകണമെന്നാണ് ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിലാണ് രാമക്ഷേത്രം സംബന്ധിച്ച വിഷയം ഉയര്‍ന്നു വരുന്നത്. രാമക്ഷേത്രം സംബന്ധിച്ച ക്ഷണം കിട്ടിയപ്പോഴേ നിരാകരിക്കണമായിരുന്നു എന്നും വി എം സുധീരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *