കൊച്ചി: വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) രജിസ്ട്രേഷനും അക്കൗണ്ട് തുറക്കലും ഇലക്ട്രോണിക് ഒപ്പുകള്‍ വഴി നടത്തുന്നതിനുള്ള സൗകര്യം ആരംഭിച്ച ഇന്ത്യയിലെ ആദ്യ കസ്റ്റോഡിയനായി കൊട്ടക് മഹീന്ദ്ര ബാങ്ക് മാറി. ഡിജിറ്റല്‍ ഒപ്പുകള്‍ ഉപയോഗിച്ച് ബാങ്ക് ഇതിനകം രണ്ട് എഫ്.പി.ഐ ലൈസന്‍സുകള്‍ അനുവദിച്ചതായി അറിയിച്ചു.
സെബിയുടെ ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതിയോട് പൊരുത്തപ്പെടുന്നതാണ് ഈ നീക്കം. വെറ്റ് സിഗ്നേച്ചറുകളുടെ ആവശ്യകത ഒഴിവാക്കുന്നതിലൂടെ പ്രവര്‍ത്തന കാര്യക്ഷമതയും സുരക്ഷയും വര്‍ധിപ്പിക്കാനും വിദേശ നിക്ഷേപകര്‍ക്ക് ലളിതമായ അനുഭവം നല്‍കാനും ഇത് സഹായിക്കും.
ഡിജിറ്റല്‍ ഒപ്പുകള്‍ വഴി എഫ്.പി.ഐ രജിസ്ട്രേഷനും ക്ലയന്റ് ഓണ്‍ബോര്‍ഡിംഗും സാധ്യമാക്കുന്നതിലൂടെ ഇന്ത്യയുടെ പേപ്പര്‍ലെസ് ക്യാപിറ്റല്‍ മാര്‍ക്കറ്റ് സംവിധാനത്തിലേക്കുള്ള മാറ്റം വേഗത്തിലാക്കുകയാണ് കൊട്ടക്കെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് പ്രസിഡന്റ് (ബാങ്കിംഗ് & ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഗ്രൂപ്പ്) സച്ചിന് സമന്ത് പറഞ്ഞു.
2026 ജനുവരിയില്‍ സെബി എഫ്.പി.ഐകള്‍ക്കായി കോമണ്‍ അപ്ലിക്കേഷന്‍ ഫോം (സിഎഎഫ്) പോര്‍ട്ടലില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റുകളും (ഡിഎസ്സി) ഇലക്ട്രോണിക് ഒപ്പുകളും അനുവദിക്കുന്ന ഏകീകൃത സംവിധാനത്തിന് തുടക്കം കുറിച്ചിരുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, 2000 പ്രകാരം അംഗീകൃത ഇന്ത്യന്‍ സര്‍ട്ടിഫൈയിംഗ് അതോറിറ്റികളില്‍ നിന്നായിരിക്കണം ഡിഎസ്സി നല്‍കേണ്ടതെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്.
