Home » Blog » Maha Sivarathri 2026 » മഹാശിവരാത്രി ഐതീഹ്യം
4

ശിവന്റെ രാത്രിയാണു ശിവരാത്രി. ശിവമായ രാത്രി കൂടിയാണു ശിവരാത്രി. മംഗളകരമായ രാത്രി എന്നർഥം. ചാന്ദ്ര രീതിയിലുള്ള മാഘമാസത്തിലെ കറുത്ത പക്ഷ ചതുർദശി തിഥി അർധരാത്രി വരുന്ന ദിവസമാണു ശിവരാത്രി ആഘോഷിക്കുന്നത്. ഇക്കൊല്ലത്തെ മഹാശിവരാത്രി ഫെബ്രുവരി 15 ഞായറാഴ്ചയാണ്.

ശിവരാത്രിയുമായി ബന്ധപ്പെട്ട് ഒന്നിലധികം കഥകൾ ഉണ്ട്. മഹാശിവരാത്രി പ്രധാനമായും ശിവഭഗവാൻ കാളകൂടവിഷം കഴിച്ച് ലോകത്തെ രക്ഷിച്ചതും, ശിവ-പാർവതിമാരുടെ വിവാഹവും, ലിംഗോദ്ഭവവുമായി ബന്ധപ്പെട്ട ഐതിഹ്യവുമാണ്. മാഘമാസത്തിലെ (കുംഭമാസം) കൃഷ്ണപക്ഷ ചതുർദശി രാത്രി ശിവൻ ആദി-അന്ത്യമില്ലാത്ത ജ്യോതിർലിംഗമായി പ്രത്യക്ഷപ്പെട്ടതായും, കാളകൂടം കഴിച്ച ശിവന്റെ രക്ഷയ്ക്കായി പാർവതി ദേവി ഉറക്കമിളച്ച് ഭജിച്ചതായും വിശ്വസിക്കപ്പെടുന്നു.

പ്രധാന ഐതിഹ്യങ്ങൾ:

പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിച്ചു. ഈ സമയം വായിൽ നിന്നു വിഷം പുറത്തു പോവാതിരിക്കാൻ വിഷ്ണു ഭഗവാൻ മഹാദേവന്റെ വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് ‘നീലകണ്ഠൻ’ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും ഉണ്ടാകാതിരിക്കാൻ പാർവതീ ദേവിയും മറ്റു ദേവീ-ദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് മഹാശിവരാത്രി.

ശിവ-പാർവതി വിവാഹം: ശിവപുരാണമനുസരിച്ച്, ശിവനും പാർവതിയും തമ്മിലുള്ള വിവാഹം നടന്ന രാത്രിയാണ് മഹാശിവരാത്രി. ഇത് ശിവന്റെ (ബോധം) പാർവതിയുമായുള്ള (ശക്തി) സംഗമമായി കരുതപ്പെടുന്നു.

ലിംഗോദ്ഭവം: ബ്രഹ്മാവിനും വിഷ്ണുവിനും ഇടയിൽ താനാണ് വലിയവൻ എന്ന തർക്കം ഉണ്ടായപ്പോൾ, ശിവൻ ഭീമാകാരമായ ഒരു അഗ്നിസ്തംഭമായി (ലിംഗം) പ്രത്യക്ഷപ്പെട്ടത് ഈ ദിവസമാണെന്ന് ലിംഗപുരാണത്തിൽ പറയുന്നു.

ശിവന്റെ താണ്ഡവം: ലോകത്തെ അജ്ഞതയുടെ ഇരുട്ടിൽ നിന്നും ആത്മീയ പ്രബുദ്ധതയിലേക്ക് നയിക്കാൻ ശിവൻ സംഹാര നൃത്തം (താണ്ഡവം) ചെയ്ത രാത്രിയാണ് ശിവരാത്രിയെന്നും വിശ്വാസമുണ്ട്. ഈ രാത്രിയിൽ വ്രതമെടുത്ത് ഉറക്കമിളച്ച് ശിവാരാധന നടത്തുന്നത് ഐശ്വര്യദായകമാണെന്ന് കരുതപ്പെടുന്നു.