ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ‘ഡോൺ 3’യിൽ നിന്നും പിന്മാറിയ നടൻ രൺവീർ സിങ്ങിനെതിരെ നിർമ്മാതാക്കളായ എക്സൽ എന്റർടെയ്ൻമെന്റ് 40 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായ ശേഷം രൺവീർ പിന്മാറിയത് വലിയ സാമ്പത്തിക നഷ്ടത്തിനും കാലതാമസത്തിനും ഇടയാക്കിയെന്നാണ് നിർമ്മാതാക്കളുടെ വാദം. എന്നാൽ, തിരക്കഥയിൽ തൃപ്തനല്ലാത്തതിനാലാണ് താൻ പിന്മാറുന്നതെന്ന നിലപാടിലാണ് രൺവീർ സിങ്ങ്.
അതേസമയം, രൺവീർ സിങ്ങിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ ‘ധുരന്ധർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് തയ്യാറെടുക്കുകയാണ്. ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ ആഗോളതലത്തിൽ 1300 കോടി രൂപ നേടി കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. ഇന്ത്യൻ ബോക്സ് ഓഫീസിൽ മാത്രം 1000 കോടി ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ ഹിന്ദി ചിത്രം എന്ന റെക്കോർഡും ഈ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ബാഹുബലി 2, കെജിഎഫ് 2 തുടങ്ങിയ തെന്നിന്ത്യൻ ചിത്രങ്ങൾക്കൊപ്പം ഈ നേട്ടം കൈവരിച്ച ഏക ബോളിവുഡ് ചിത്രം കൂടിയാണിത്
ധുരന്ധറിന്റെ വമ്പൻ വിജയം രൺവീറിന്റെ വിപണി മൂല്യം ഉയർത്തിയതാണ് ഡോൺ 3-യിൽ നിന്നുള്ള പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണമായി പറയപ്പെടുന്നത്. 140 കോടി ബജറ്റിൽ നിർമ്മിച്ച ധുരന്ധർ 1-ന്റെ ബാക്കി ഭാഗമായ ‘ധുരന്ധർ 2’ വരാനിരിക്കുന്ന മാർച്ച് 19-ന് തിയേറ്ററുകളിലെത്തും. അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത് എന്നിവരടങ്ങുന്ന വൻ താരനിര തന്നെ രണ്ടാം ഭാഗത്തിലും അണിനിരക്കുന്നുണ്ട്.
