ടി20 ലോകകപ്പിൽ അയർലൻഡിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ശ്രീലങ്കൻ താരം വനിന്ദു ഹസരംഗയെ അധിക്ഷേപിച്ച് സംസാരിച്ച പാക് കമന്റേറ്റർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊളംബോ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ ഹസരംഗ പരിക്കേറ്റ് പ്രാഥമിക ചികിത്സ തേടുന്നതിനിടെയായിരുന്നു മുൻ അന്താരാഷ്ട്ര താരം കൂടിയായ കമന്റേറ്ററുടെ മോശം പരാമർശം.
തന്റെ ആദ്യ ഓവറിലെ രണ്ടാം പന്തിന് പിന്നാലെ ഹസരംഗയ്ക്ക് തുടയിൽ പേശിവലിവ് അനുഭവപ്പെടുകയായിരുന്നു. വേദന അസഹനീയമായതോടെ ഫിസിയോയുടെ സഹായം തേടിയ താരം, പരിശോധനയ്ക്കായി പാന്റ് അല്പം താഴ്ത്തിയിരുന്നു. ഈ ദൃശ്യങ്ങൾ കണ്ട കമന്റേറ്റർ ലൈവ് കമന്ററിക്കിടെ ദ്വയാർത്ഥമുള്ള അശ്ലീല പരാമർശം നടത്തുകയായിരുന്നു. ഐസിസി ലോകകപ്പ് പോലുള്ള വലിയൊരു വേദിയിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ഇത്തരമൊരു പരാമർശം നടത്തിയത് കായികപ്രേമികളെ ചൊടിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇയാൾക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
എന്നാൽ പരിക്കിന്റെ വേദന വകവെക്കാതെ പന്തെറിഞ്ഞ ഹസരംഗ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ശ്രീലങ്കൻ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. ആദ്യം ബാറ്റ് ചെയ്ത ലങ്ക കുശാൽ മെൻഡിസിന്റെയും കാമിന്ദു മെൻഡിസിന്റെയും ബാറ്റിംഗ് മികവിൽ 163 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ അയർലൻഡിനെ ഹസരംഗയുടെയും മഹീഷ് തീക്ഷണയുടെയും സ്പിൻ കരുത്തിൽ 143 റൺസിൽ ലങ്ക തളച്ചു. ഹസരംഗയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ടീം നൽകുന്ന സൂചന.
