ഒക്ടോബറിൽ 1,26,000 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലെത്തിയ ബിറ്റ്‌കോയിൻ, നിലവിൽ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഏകദേശം 40 ശതമാനത്തോളം മൂല്യം ഇടിഞ്ഞ് ഇപ്പോൾ 73,200 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വരും മാസങ്ങളിൽ വില 65,000 ഡോളറിലേക്ക് താഴുമെന്നാണ് പുതിയ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ആഗോള ക്രിപ്‌റ്റോ വിപണിയുടെ മൊത്തം മൂല്യം 4 ട്രില്യൺ ഡോളറിൽ നിന്ന് 2.5 ട്രില്യൺ ഡോളറായി ചുരുങ്ങിയത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ആഗോള സാമ്പത്തിക രംഗത്തെ ചില പ്രധാന മാറ്റങ്ങളാണ് ഈ തകർച്ചയ്ക്ക് പിന്നിൽ. ജപ്പാനിലെ സെൻട്രൽ ബാങ്ക് പലിശ നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നതും, ഐടി മേഖലയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിക്ഷേപങ്ങളെക്കുറിച്ചുള്ള ഭീതിയും വിപണിയെ തളർത്തി. കൂടാതെ, അമേരിക്കൻ എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (ETF) നിന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 400 കോടി ഡോളറിലധികം പിൻവലിക്കപ്പെട്ടതും ബിറ്റ്‌കോയിന്റെ മൂല്യത്തകർച്ചയ്ക്ക് ആക്കം കൂട്ടി.
വിപണിയിലെ പ്രവചന പ്ലാറ്റ്‌ഫോമായ ‘പോളിമാർക്കറ്റ്’ നൽകുന്ന കണക്കുകൾ പ്രകാരം ബിറ്റ്‌കോയിൻ ഈ വർഷം 65,000 ഡോളറിലേക്ക് താഴാൻ 82 ശതമാനം സാധ്യതയുണ്ട്. വർഷാവസാനത്തോടെ ഇത് 55,000 ഡോളറിന് താഴെയാകാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. വർഷാരംഭത്തിൽ ബിറ്റ്‌കോയിൻ കുതിക്കുമെന്ന് കരുതിയ പല നിക്ഷേപകരും ഇപ്പോൾ വിപണിയിൽ നിന്ന് പിന്മാറുകയാണ്. പ്രത്യേകിച്ച് കടമെടുത്ത് നിക്ഷേപം നടത്തിയവർക്ക് 2022-ലെ തകർച്ചയേക്കാൾ വലിയ ആഘാതമാണ് ഈ ഇടിവ് ഉണ്ടാക്കിയിരിക്കുന്നത്.
എങ്കിലും, വിപണിയിലെ ഈ തളർച്ചയ്ക്കിടയിലും വാൾസ്ട്രീറ്റിലെ ചില വമ്പൻ സ്ഥാപനങ്ങൾ ശുഭാപ്തിവിശ്വാസം കൈവിടുന്നില്ല. സ്റ്റാൻഡേർഡ് ചാർട്ടേഡ്, ബേൺസ്റ്റീൻ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ ബിറ്റ്‌കോയിൻ ഈ വർഷം ഒന്നര ലക്ഷം ഡോളർ എന്ന നാഴികക്കല്ല് പിന്നിടുമെന്ന് ഇപ്പോഴും പ്രവചിക്കുന്നു. നിലവിലെ ഇടിവ് താത്കാലികമാണെന്നും ദീർഘകാലാടിസ്ഥാനത്തിൽ വിപണി ശക്തമായി തിരിച്ചുവരുമെന്നുമാണ് ഇവരുടെ പ്രതീക്ഷ.
