ടി20 ലോകകപ്പിൽ പാകിസ്ഥാൻ ബഹിഷ്കരണം പ്രഖ്യാപിച്ചെങ്കിലും ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിനായി ഇന്ത്യൻ ടീം ശ്രീലങ്കയിലേക്ക് തിരിക്കും. ഐസിസി നിയമപ്രകാരം എതിർ ടീം വിട്ടുനിന്നാലും വിജയം ഉറപ്പാക്കാൻ കൃത്യസമയത്ത് മൈതാനത്ത് റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവും സംഘവും കൊളംബോയിൽ എത്തുകയും മുൻ നിശ്ചയിച്ച പ്രകാരം പരിശീലന സെഷനുകളിലും വാർത്താ സമ്മേളനങ്ങളിലും പങ്കെടുക്കുകയും ചെയ്യും.
മത്സരദിവസം ഇന്ത്യൻ നായകൻ ടോസിനായി ഗ്രൗണ്ടിലെത്തുകയും പാകിസ്ഥാൻ നായകൻ സൽമാൻ അലി ആഗ എത്താതിരിക്കുകയും ചെയ്താൽ മാച്ച് റഫറി ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കും. എന്നാൽ ഇന്ത്യയും ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ മത്സരം റദ്ദാക്കിയതായി കണക്കാക്കി പോയിന്റുകൾ തുല്യമായി പങ്കുവെക്കും. പാകിസ്ഥാൻ വരാതിരുന്നാൽ ഇന്ത്യക്ക് ലഭിക്കുന്ന രണ്ട് പോയിന്റിന് പുറമെ, പാകിസ്ഥാന്റെ നെറ്റ് റൺറേറ്റിനെ ഇത് ഗുരുതരമായി ബാധിക്കുമെന്നതിനാൽ അവർക്ക് ടൂർണമെന്റിൽ വൻ തിരിച്ചടിയുണ്ടാകും.
മഴ സാധ്യതയുള്ള കൊളംബോയിലെ കാലാവസ്ഥയും പാകിസ്ഥാന്റെ ബഹിഷ്കരണ തീരുമാനത്തിന് വെല്ലുവിളിയാണ്. ഇന്ത്യയുമായുള്ള പോയിന്റ് നഷ്ടപ്പെട്ട ശേഷം മറ്റ് ടീമുകളുമായുള്ള കളി മഴ മൂലം മുടങ്ങിയാൽ പാകിസ്ഥാന്റെ സൂപ്പർ 8 പ്രതീക്ഷകൾ അവസാനിക്കും. ടൂർണമെന്റ് മര്യാദകൾ പാലിച്ച് ഐസിസിയുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും രാഷ്ട്രീയ കാരണങ്ങളാൽ വിട്ടുനിൽക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കിയത്.
