തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്കു ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ, നടൻ മണിയൻ പിള്ള രാജു അറസ്റ്റിൽ. രാജുവിന്റെ കാറാണ് യുവാക്കളെ ഇടിച്ചിട്ടത്. ജീവഹാനി വരാവുന്ന രീതിയിൽ വാഹനം ഓടിച്ചു, ഇടിച്ചിട്ടു വാഹനം നിർത്താതെ പോയി, വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല എന്നിങ്ങനെ 3 കുറ്റങ്ങളാണ് രാജുവിനെതിരെ ചുമത്തിയിട്ടുള്ളത്.
എന്നാൽ, ബൈക്ക് തന്റെ കാറില്‍ വന്നിടിക്കുകയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ അതു വ്യക്തമാകുമെന്നും ആയിരുന്നു ഇന്നു രാവിലെ മ്യൂസിയം സ്റ്റേഷനിൽ മൊഴി നൽകാനെത്തിയ മണിയന്‍ പിള്ള രാജു പറഞ്ഞത്.
‘‘അപകടം ഉണ്ടായപ്പോള്‍ ഭയന്നുപോയി. ഞാന്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്നതല്ല. വേഗത്തിൽ ബൈക്ക് എന്റെ വണ്ടിയിൽ വന്ന് ഇടിക്കുകയായിരുന്നു. ഞാൻ മദ്യപിച്ചിരുന്നില്ല. ട്രിവാന്‍ഡം ക്ലബിന്റെ മുന്നില്‍നിന്ന് പതുക്കെയാണ് ക്രോസ് ചെയ്തത്. അപ്പോള്‍ എന്തോ ഒരു ശബ്ദം കേട്ടു. ബൈക്കിടിച്ച് രണ്ടുപേര്‍ വീഴുന്നതു കണ്ടു. ആക്‌സിഡന്റ് ആണെന്നു മനസ്സിലായി. പരിഭ്രാന്തനായി സുബ്രഹ്മണ്യം ഹാളിലുളള സുഹൃത്തുക്കളെ വിളിച്ചു വിവരം പറഞ്ഞു. ആംബുലന്‍സ് അറേഞ്ച് ചെയ്യണം, എനിക്ക് ഇറങ്ങാന്‍ വയ്യെന്നും പറഞ്ഞു. പിന്നെ സ്‌റ്റേഷനില്‍ വിളിച്ച്, വയ്യാത്ത ആളാണ് രാവിലെ എത്തിക്കോളാമെന്നു പറഞ്ഞു. ഞാനാണ് കാര്‍ ഓടിച്ചിരുന്നത്. കാന്‍സര്‍ രോഗിയാണ്. ഇപ്പോള്‍ ചിക്കന്‍ഗുനിയയും ബാധിച്ചിട്ടുണ്ട്. വീട്ടില്‍ ഭാര്യ ഒറ്റയ്ക്കാണ്. അതുകൊണ്ടാണ് പോയത്. അത് എന്റെ തെറ്റായിരിക്കും.”– മണിയന്‍ പിള്ള രാജു പറഞ്ഞു.
ഇന്നലെ രാത്രി 10 മണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബിനു മുന്നിലായിരുന്നു അപകടം. ബൈക്ക് യാത്രികരായ നിദേവ് കൃഷ്ണ, സൂരജ് എന്നിവർക്കാണു പരുക്കേറ്റത്. അപകടത്തിനുശേഷം മണിയൻപിള്ള രാജു കാർ നിർത്താതെ പോകുകയായിരുന്നു. നിദേവിന്റെ കാലുകൾക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. നിദേവിന് വൈകാതെ ശസ്ത്രക്രിയ നടത്തും. സൂരജിന്റെ ശസ്ത്രക്രിയ പൂർത്തിയായി. സംഭവത്തിൽ പരാതിയുണ്ടെന്ന് യുവാക്കളുടെ ബന്ധുക്കൾ അറിയിച്ചു.
അതേസമയം, അപകടം നടന്നു മണിക്കൂറുകൾ പിന്നിട്ടിട്ടും പൊലീസ് കാർ പിടിച്ചെടുത്തിട്ടില്ല. വാഹനം ഒരു സ്ഥലത്ത് ഉണ്ടെന്നും എത്തിക്കാമെന്നും മണിയൻപിള്ള രാജു പറഞ്ഞതായാണു വിവരം. സുധീർകുമാർ രാജു എന്നാണ് കാറിന്റെ ആർസി ഉടമസ്ഥന്റെ പേരെന്നാണ് ഇന്നലെ രാത്രി പൊലീസ് നൽകിയ വിവരം. ഒരു നടന്റെ വാഹനമാണെന്നും അദ്ദേഹത്തിന്റെ ഡ്രൈവറായിരിക്കാം വാഹനം ഓടിച്ചതെന്നുമായിരുന്നു ആദ്യവിവരം. പിന്നീട്, താനാണ് ഓടിച്ചതെന്നു രാജു തന്നെ സ്ഥിരീകരിക്കുകയായിരുന്നു.
മണിയന്‍ പിള്ള രാജുവിന്റെ കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നും കാര്‍ നിര്‍ത്താതെ ബൈക്ക് നിരക്കി കൊണ്ടുപോയെന്നും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും പരുക്കേറ്റ നിദേവ് പറഞ്ഞു.
