Home » Blog » Kerala » വിദ്യാലയങ്ങളിലെ ഭിന്നശേഷി സംവരണം! അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന് സംഘടനകൾ തടസ്സമെന്ന് മന്ത്രി
v-sivankutty-680x450

യ്ഡഡ് സ്കൂളുകളിൽ താൽക്കാലിക തസ്തികകളിൽ തുടരുന്ന അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ ശ്രമങ്ങൾക്ക് അധ്യാപക സംഘടനകളുടെ എതിർപ്പ് തിരിച്ചടിയാകുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എൻ.എസ്.എസ് മാനേജ്‌മെന്റിന് ലഭിച്ച സുപ്രീം കോടതി വിധിയിലെ ആനുകൂല്യം സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് സ്കൂൾ അധ്യാപകർക്കും ലഭ്യമാക്കാൻ സർക്കാർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതിയിൽ അധ്യാപക പ്രതിനിധികൾ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതിനാലാണ് നടപടികൾ മാറ്റിവെക്കപ്പെട്ടതെന്ന് മന്ത്രി വ്യക്തമാക്കി. മാനേജ്‌മെന്റ് പ്രതിനിധികളും ഈ വിഷയത്തിൽ സർക്കാരിനെ പിന്തുണച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനൊപ്പം നിലവിലുള്ള മറ്റ് അധ്യാപകരുടെ ജോലി സുരക്ഷിതമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കോടതിയുടെ അനുകൂല തീരുമാനം ഉണ്ടായിരുന്നെങ്കിൽ ഏകദേശം 22,000 അധ്യാപകർക്ക് തങ്ങളുടെ നിയമന തീയതി മുതൽ തന്നെ സ്ഥിരനിയമനം ലഭിക്കുമായിരുന്നു. നിലവിൽ പ്രൊവിഷണൽ അടിസ്ഥാനത്തിൽ തുടരുന്ന ഇവർക്ക് പെൻ നമ്പർ, ലീവ്, ഇൻഷുറൻസ്, പി.എഫ് തുടങ്ങിയ ആനുകൂല്യങ്ങൾ സർക്കാർ ഉറപ്പാക്കുന്നുണ്ടെങ്കിലും, പൂർണ്ണമായ സ്ഥിരപ്പെടുത്തലിന് അധ്യാപക സംഘടനകളുടെ സഹകരണം അത്യാവശ്യമാണെന്ന് മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ കർശന നടപടികളാണ് സ്വീകരിക്കുന്നത്. ഇതിനോടകം 1500-ഓളം ഭിന്നശേഷിക്കാർക്ക് നിയമനം നൽകിക്കഴിഞ്ഞു. അവശേഷിക്കുന്ന ഒഴിവുകൾ നികത്തുന്നതിനായി അടിയന്തരമായി തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിൽ എല്ലാവർക്കും നീതി ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, അധ്യാപകരുടെ ക്ഷേമത്തിനായി നടത്തുന്ന ഇത്തരം നീക്കങ്ങളോട് പ്രതിനിധികൾ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.