Home » Blog » kerala Mex » മോശം കാലാവസ്ഥ: മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് 2 വിക്ഷേപണം വൈകും
Artemis-2-680x450

രനൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കാനുള്ള നാസയുടെ ചരിത്രപ്രധാനമായ ‘ആർട്ടെമിസ് 2’ ദൗത്യം വൈകുമെന്ന് റിപ്പോർട്ട്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ അനുഭവപ്പെടുന്ന കടുത്ത അതിശൈത്യമാണ് വിക്ഷേപണം നീട്ടാൻ കാരണമായത്. ഫെബ്രുവരി എട്ടിന് മുൻപ് വിക്ഷേപണം നടക്കാൻ സാധ്യതയില്ലെന്നാണ് നാസ നൽകുന്ന സൂചന. ദൗത്യത്തിന് മുന്നോടിയായി നടത്തേണ്ട സുപ്രധാനമായ ഇന്ധന പരിശോധനയും ഡ്രസ് റിഹേഴ്‌സലും മോശം കാലാവസ്ഥയെത്തുടർന്ന് മാറ്റിവച്ചിരിക്കുകയാണ്.

ജെറമി ഹാൻസെൺ, ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, റീഡ് വൈസ്മാൻ എന്നീ നാലംഗ സംഘമാണ് ഈ ദൗത്യത്തിലൂടെ ചന്ദ്രനെ ചുറ്റി വരാൻ ഒരുങ്ങുന്നത്. പത്ത് ദിവസം നീളുന്ന യാത്രയിൽ പേടകം ചന്ദ്രനെ വലംവെച്ച് ഭൂമിയിലേക്ക് മടങ്ങും. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ആദ്യ ചാന്ദ്ര യാത്രയാണിത്. എന്നാൽ, ആർട്ടെമിസ് 2 ചന്ദ്രനിൽ ഇറങ്ങില്ലെന്നും ഉപരിതലത്തെ വലംവെച്ച് മടങ്ങുക മാത്രമാണ് ചെയ്യുന്നതെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്.

നാസയുടെ ആർട്ടെമിസ് പദ്ധതിയിലെ രണ്ടാം ഘട്ടമാണിത്. 2022-ൽ മനുഷ്യരില്ലാതെ നടത്തിയ ആർട്ടെമിസ് 1 ദൗത്യം വിജയകരമായിരുന്നു. വരാനിരിക്കുന്ന ആർട്ടെമിസ് 3 ദൗത്യത്തിലൂടെ മാത്രമേ മനുഷ്യൻ ചന്ദ്രോപരിതലത്തിൽ കാലുകുത്തുകയുള്ളൂ. കാലാവസ്ഥ അനുകൂലമായാൽ തിങ്കളാഴ്ച ഡ്രസ് റിഹേഴ്‌സൽ നടത്താനാണ് നിലവിലെ തീരുമാനം. ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വിക്ഷേപണം വരും ദിവസങ്ങളിലെ കാലാവസ്ഥയെ ആശ്രയിച്ചിരിക്കും.