കുമ്പളങ്ങി പഞ്ചായത്തിലെ വിവിധ മത്സ്യക്കെട്ടുകളിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. തിങ്കളാഴ്ച പുലർച്ചയോടെയാണ് 200 ഏക്കറോളം വരുന്ന പാടശേഖരങ്ങളിൽ കരിമീൻ, കാര, ചെമ്മീൻ എന്നിവ ചത്തുപൊങ്ങിയ നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഏകദേശം ഒരു കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
അടുത്ത മാസം വിളവെടുപ്പ് നടത്താൻ കാത്തിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച കുമ്പളങ്ങി പഞ്ചായത്തിന്റെ കല്ലഞ്ചേരി കെട്ടിലും സമാനമായ രീതിയിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയിരുന്നു. കുമ്പളങ്ങിയിലെ മത്സ്യക്കെട്ടുകളിൽ തുടർച്ചയായുണ്ടാകുന്ന ഈ പ്രതിഭാസം നാട്ടുകാരെയും കർഷകരെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു.
