Home » Blog » kerala Mex » യമഹ 125 സിസി ഹൈബ്രിഡ് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിക്കുന്നു
IMG-20260125-WA0004

 

2024 മെയ് 2 മുതല്‍ 2025 സെപ്റ്റംബര്‍ 3 വരെ നിര്‍മ്മിച്ച മൂന്ന് ലക്ഷത്തിലധികം യൂണിറ്റുകളാണ് തിരിച്ചുവിളിക്കുന്നത്

കൊച്ചി: ഉപഭോക്തൃ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന നടപടിയുടെ ഭാഗമായി, ഇന്ത്യ യമഹ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ 125 സിസി ഹൈബ്രിഡ് സ്‌കൂട്ടര്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു. 2024 മെയ് 2 മുതല്‍ 2025 സെപ്റ്റംബര്‍ 3 വരെ നിര്‍മ്മിച്ച 3,06,635 യൂണിറ്റുകളാണ് തിരിച്ചുവിളിക്കുന്നത്.
ചില പ്രവര്‍ത്തന സാഹചര്യങ്ങളില്‍ റേ ഇസഡ് ആര്‍ 125 എഫ്‌ഐ ഹൈബ്രിഡ്, ഫാസിനോ 125 എഫ്‌ഐ ഹൈബ്രിഡ് മോഡലുകളിലെ മുന്‍വശത്തെ ബ്രേക്ക് കാലിപ്പറിന്റെ പ്രവര്‍ത്തനം പരിമിതമാകാനുള്ള സാധ്യത കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. റീക്കോളില്‍ ഉള്‍പ്പെടുന്ന എല്ലാ വാഹനങ്ങള്‍ക്കും ആവശ്യമായ ഭാഗം സൗജന്യമായി മാറ്റിസ്ഥാപിക്കും.
തങ്ങളുടെ വാഹനം തിരിച്ചു വിളിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന് അറിയാന്‍ ഉപഭോക്താക്കള്‍ക്ക് ഇന്ത്യ യമഹ മോട്ടോര്‍ വെബ്‌സൈറ്റിലെ സര്‍വീസ് വിഭാഗം സന്ദര്‍ശിക്കാം. ‘വൊളന്ററി റീക്കോള്‍ കാമ്പയിന്‍’ ഓപ്ഷന്‍ തിരഞ്ഞെടുത്ത് ചാസിസ് നമ്പര്‍ നല്‍കി വിശദാംശങ്ങള്‍ പരിശോധിക്കാം.
കൂടാതെ അടുത്തുള്ള അംഗീകൃത യമഹ ഷോറൂം സന്ദര്‍ശിക്കുകയോ 1800-420-1600 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടുകയോ , yes@yamaha-motor-india.com എന്ന ഇമെയിലിലൂടെ സഹായം തേടുകയോ ചെയ്യാം.