Home » Blog » kerala Mex » തെരഞ്ഞെടുപ്പുകൾക്ക് കാശ് പൊടിപൊടിച്ച് ബിജെപി; പ്രചാരണത്തിനായി വാരിയെറിഞ്ഞത് കോടികൾ; ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
bjp2-680x450

തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഏറ്റവും പുതിയ വാർഷിക ഓഡിറ്റ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ വൻ വർധനവുണ്ടായി. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും നടന്ന 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 3335.36 കോടി രൂപയാണ് ബിജെപി ചിലവാക്കിയത്. ഇത് 2019-20 കാലയളവിലെ 1352.92 കോടിയേക്കാൾ രണ്ടരയിരട്ടി അധികമാണ്. അതേസമയം, ഇതേ കാലയളവിൽ കോൺഗ്രസിന്റെ ചിലവിൽ 277 കോടി രൂപയുടെ വർധനവ് മാത്രമാണ് രേഖപ്പെടുത്തിയത്.

ബിജെപിയുടെ ആകെ ചിലവായ 3774.58 കോടി രൂപയിൽ 88 ശതമാനവും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായിരുന്നു. ഇതിൽ ഇലക്ട്രോണിക് മീഡിയ വഴിയുള്ള പ്രചാരണങ്ങൾക്കാണ് ഏറ്റവും വലിയ തുക (1124.96 കോടി) മാറ്റിവെച്ചത്. കൂടാതെ പരസ്യവിഭാഗത്തിൽ 897.42 കോടിയും വിമാന-ഹെലികോപ്റ്റർ യാത്രകൾക്കായി 583.08 കോടിയും ചിലവഴിച്ചു. സ്ഥാനാർഥികൾക്ക് സാമ്പത്തിക സഹായമായി 312.90 കോടി രൂപയും പാർട്ടി നൽകി.

വരുമാനത്തിന്റെ കാര്യത്തിലും ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. ഇലക്ടറൽ ബോണ്ട് സംവിധാനം നിർത്തലാക്കിയിട്ടും പാർട്ടിയുടെ സംഭാവനകളിൽ 54 ശതമാനം വർധനവുണ്ടായി. 6769 കോടി രൂപയാണ് ബിജെപിയുടെ ആകെ വരുമാനം. ഇതിൽ ഭൂരിഭാഗവും കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള സംഭാവനകളാണ്. നേരെമറിച്ച്, കോൺഗ്രസിന്റെ വരുമാനത്തിൽ 54 ശതമാനത്തിന്റെ കുറവുണ്ടാവുകയും അത് 918 കോടി രൂപയായി ചുരുങ്ങുകയും ചെയ്തു. തിരഞ്ഞെടുപ്പ് ചിലവുകളുടെ കാര്യത്തിൽ കോൺഗ്രസ് 2019-ൽ 619.67 കോടി ചിലവാക്കിയിടത്ത് ഇത്തവണ 896.22 കോടി രൂപയാണ് ഉപയോഗിച്ചത്.