
5,000-ത്തിലധികം വിജയകരമായ സന്ധിമാറ്റ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതിന്റെ ആഘോഷചടങ്ങ് 'ബാലറിന' നടി ആശ ശരത്ത് ഉദ്ഘാടനം ചെയ്യുന്നു. ആസ്റ്റർ മെഡ്സിറ്റി സിഒഒ ഡോ. ഷുഹൈബ് ഖാദർ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ടി. ആർ. ജോൺ, ഓർത്തോപീഡിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റും മേധാവിയുമായ ഡോ. വിജയ മോഹൻ എസ്. തുടങ്ങിയവർ സമീപം.
കൊച്ചി: 5,000-ത്തിലധികം വിജയകരമായ സന്ധിമാറ്റ ശസ്ത്രക്രിയകൾ പൂർത്തിയാക്കി ആസ്റ്റർ മെഡ്സിറ്റി. നേട്ടത്തെ അടയാളപ്പെടുത്തി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടന്ന ‘ബാലറിന’ ചടങ്ങിൽ നടി ആശ ശരത്ത് മുഖ്യാതിഥിയായി രോഗമുക്തി നേടിയവരുമായി സംവദിച്ചു. ഓർത്തോപീഡിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റും മേധാവിയുമായ ഡോ. വിജയ മോഹൻ എസിന്റെയും ടീമിന്റെയും നേതൃത്വത്തിലാണ് 5,000-ത്തിലധികം സന്ധിമാറ്റ ശസ്ത്രക്രിയകൾ ആസ്റ്റർ മെഡ്സിറ്റി വിജയകരമായി പൂർത്തിയാക്കിയത്. ഇതിൽ 500-ലധികം ശസ്ത്രക്രിയകൾ ഏറ്റവും ആധുനികമായ റോബോട്ടിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് നടത്തിയത്.
“5,000 സന്ധിമാറ്റ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത് ആസ്റ്റർ മെഡ്സിറ്റി അസ്ഥിരോഗ വിഭാഗത്തിന്റെ മികവിന്റെയും അത്യാധുനിക സാങ്കേതികവിദ്യയുടെയും തെളിവാണ്. ഒരിക്കൽ കഠിനമായ സന്ധിവേദന കാരണം നടക്കാൻ പോലും ബുദ്ധിമുട്ടിയിരുന്നവർ ഇന്ന് രോഗമുക്തി നേടി ഈ സംഗമത്തിൽ ഒന്നിച്ച് കാണുമ്പോൾ ഏറെ സന്തോഷം.” ഡോ. വിജയ മോഹൻ പറഞ്ഞു.

ആഘോഷത്തിന്റെ ഭാഗമായി ആശ ശരത്തും ഓർത്തോപീഡിക് വിഭാഗം സ്റ്റാഫുകളും അണിനിരന്ന തിരുവാതിരക്കളിയും ഏറെ ശ്രദ്ധയാകർഷിച്ചു. പരമ്പരാഗത കേരളീയ വസ്ത്രധാരണത്തിൽ സന്ധിമാറ്റ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ രോഗികളും ഡോക്ടർമാരും ജീവനക്കാരും ഒത്തുചേർന്നപ്പോൾ പരിപാടി മികച്ച അനുഭവമായി മാറി. ആസ്റ്റർ മെഡ്സിറ്റി സിഒഒ ഡോ. ഷുഹൈബ് ഖാദർ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ടി. ആർ. ജോൺ, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐഎഎസ്, താരദമ്പതികളായ നിഖിൽ, രമ്യ, ഓർത്തോപീഡിക് വിഭാഗം ഡോക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവരും ചടങ്ങിന്റെ ഭാഗമായി.
