ശബരിമലയിൽ നടന്ന അയ്യപ്പ സംഗമം ശുദ്ധമായ ധൂർത്താണെന്ന് ആരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്തെത്തി. പരിപാടിക്കായി 500 കട്ടിലുകൾ വാങ്ങിയെന്ന കണക്കുകളെ പരിഹസിച്ച അദ്ദേഹം, സംഗമത്തിനെത്തിയവർ അവിടെ കിടന്നുറങ്ങാനാണോ പോയതെന്ന് ചോദിച്ചു. 4000 പേർ പങ്കെടുത്ത പരിപാടിയിൽ 8000 പേർ ഭക്ഷണം കഴിച്ചുവെന്ന് പറയുന്നത് എങ്ങനെയാണെന്നും, വിഗ്രഹം സ്വർണ്ണം അല്ലാത്തതുകൊണ്ട് മാത്രമാണ് അത് ബാക്കിയായതെന്നും അദ്ദേഹം പരിഹസിച്ചു. മന്ത്രി വി.എൻ വാസവനെതിരെ രൂക്ഷമായ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയ മുരളീധരൻ, നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്നും വ്യക്തമാക്കി.
അയ്യപ്പ സംഗമ വിവാദത്തിൽ മന്ത്രി വി.എൻ വാസവൻ രാജിവെക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മുരളീധരനും യു.ഡി.എഫും. സർക്കാരിന്റെ നടപടി വീരപ്പനെപ്പോലും തോൽപ്പിക്കുന്ന കൊള്ളയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ അഴിമതിയിൽ ഒത്തുതീർപ്പിന് തങ്ങളില്ലെന്നും നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഞാൻ ഭയന്നോടുന്നവനല്ല’ എന്ന് വ്യക്തമാക്കിയ മുരളീധരൻ, ഏത് വെല്ലുവിളിയെയും നേരിടാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.
വിവാദങ്ങൾക്കിടെ തന്റെ രാഷ്ട്രീയ തട്ടകത്തെക്കുറിച്ചും മുരളീധരൻ വ്യക്തമായ സൂചന നൽകി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പഴയ തട്ടകമായ വട്ടിയൂർകാവിൽ തന്നെ മത്സരിക്കാൻ അദ്ദേഹം തീരുമാനിച്ചു. കോൺഗ്രസ് നേതൃത്വത്തെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചതായാണ് വിവരം. കെ. മുരളീധരൻ വട്ടിയൂർകാവിൽ എത്തുന്നതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം ഉറപ്പായിരിക്കുകയാണ്. പാർട്ടി എടുക്കുന്ന അന്തിമ തീരുമാനത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
