Home » Blog » kerala Max » “പിണറായി സർക്കാരിനെ ജനം വെറുത്തത് അവരുടെ അഹങ്കാരം കൊണ്ടാണ് ; ഭരണത്തിന്റെ ഭാഗമാകുമ്പോൾ സൂക്ഷ്മജീവിതം നയിക്കണം, പഞ്ചായത്ത് പ്രസിഡന്റ് മുതൽ മുഖ്യമന്ത്രിക്ക് വരെ അതു ബാധകമായിരിക്കണം” – സി ആർ മഹേഷ് എംഎൽഎ
4

തിരുവനന്തപുരം: മന്ത്രിമാര്‍ ആഡംബര വാഹനങ്ങളുടെ പിന്നാലെ പോകുന്നതു സാധാരണക്കാർക്ക് ഉൾക്കൊള്ളാനാകുന്നതല്ലെന്ന് സി.ആർ.മഹേഷ് എംഎൽഎ. അവരുടെ മനസ്സിൽ പ്രതിഷേധം വരും. ഞങ്ങളെല്ലാം സുഹൃത്തുക്കളുടെ സഹായം സ്വീകരിക്കാറുണ്ട്. പക്ഷേ പരിധി വേണം. സ്കൂട്ടറോ കാറോ കേടായാൽ കൂട്ടുകാരുടെ വണ്ടി നമ്മളെല്ലാം ഉപയോഗിക്കും. പക്ഷേ ഒരു മന്ത്രി അതു ചെയ്യുമ്പോൾ ശ്രദ്ധിക്കുന്നതു നല്ലതാണ്. പക്ഷേ ഭരണഘടനാപരമായ ഉത്തരവാദിത്തം വഹിക്കുമ്പോൾ ശ്രദ്ധിക്കണം. അബദ്ധം ആർക്കും സംഭവിക്കാം. പക്ഷേ ഇങ്ങനെയുള്ളത് ഒഴിവാക്കേണ്ടതാണ്. സുഹൃത്തുക്കളുടെ ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്നതും അവരുടെ ആഡംബര ഫ്ലാറ്റുകളിൽ താമസിക്കുന്നതുമെല്ലാം ഉത്തരവാദപ്പെട്ട പദവികളിൽ ഇരിക്കുന്നവർ ഒഴിവാക്കുകതന്നെ വേണം.

അധികാരമുള്ളപ്പോൾ പലരും സുഹൃത്തുക്കളാകാൻ വരും. ചോദിക്കുന്നതിനു മുൻപേ എന്തും തരും. നമ്മൾ പട്ടിണി കിടന്നപ്പോൾ ഇവരാരുമില്ലായിരുന്നല്ലോ? എന്നു ചിന്തിക്കണം. അവരുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കി പ്രവർത്തിക്കണം. പ്രവാസികൾ സ്നേഹത്തോടെ ക്ഷണിക്കുമ്പോൾ യാത്രകൾ വേണ്ടി വരും. ഇടതു സർക്കാരിന്റെ കാലത്തു വിദേശത്തു പോകാത്ത ഏതെങ്കിലും മന്ത്രിയുണ്ടോ! പക്ഷേ മോങ്ങാനിരിക്കുന്ന നായയുടെ തലയിൽ തേങ്ങ വീണെന്നു പറയുന്ന സ്ഥിതിയാണെന്ന് ഓർത്തുള്ള ജാഗ്രത ഇത്തരം കാര്യങ്ങളിൽ വേണം.

ഭരണത്തിനു മുൻപേ സമരം ആരംഭിച്ച പ്രതിപക്ഷമാണ് ഇപ്പോഴത്തേത്. ശരി ചെയ്താൽ പോലും തെറ്റായി വ്യാഖ്യാനിക്കുന്ന കാലമാണ്. നമ്മൾ പറഞ്ഞതെല്ലാം നമ്മളെ തിരിഞ്ഞുകുത്താൻ അനുവദിക്കരുത്. പിണറായി സർക്കാരിനെ ജനം വെറുത്തത് അവരുടെ അഹങ്കാരം കൊണ്ടാണ്. അവർ ചെയ്ത തെറ്റുകൾ തുടരാനല്ല ഈ സർക്കാരിനെ ജനം തിരഞ്ഞെടുത്തത്, തിരുത്താനാണ്. ജീവിത ശൈലി, സംസാരം, ശരീരഭാഷ എന്നിവയിലെല്ലാം ജാഗ്രത പാലിക്കണം. ഭരണത്തിന്റെ ഭാഗമാകുമ്പോൾ സൂക്ഷ്മജീവിതം നയിക്കണം. പഞ്ചായത്ത് പ്രസിഡന്റ് മുതൽ മുഖ്യമന്ത്രിക്ക് വരെ അതു ബാധകമായിരിക്കണമെന്നും എംഎല്‍എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *