കൊച്ചി: ആക്സിസ് ബാങ്കിന്‍റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ആക്സിസ് ഫിനാന്‍സ് ലിമിറ്റഡ് 2250 കോടി രൂപയുടെ പ്രാഥമിക മൂലധന സമാഹരണം നടത്തുന്നു. പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കേദാരാ ക്യാപിറ്റലില്‍ നിന്ന് പ്രിഫറന്‍ഷ്യല്‍ ഇഷ്യൂ വഴി സമാഹരിക്കുന്ന 750 കോടി രൂപയും, ആക്സിസ് ബാങ്കില്‍ നിന്നുള്ള 1500 കോടി രൂപയുടെ റൈറ്റ്സ് ഇഷ്യൂവും ഇതില്‍ ഉള്‍പ്പെടുന്നു. ആക്സിസ് ഫിനാന്‍സിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ മൂലധന സമാഹരണമാണിത്. ആദ്യമായാണ് പുറമെ നിന്നുള്ള നിക്ഷേപകനില്‍ നിന്ന് കമ്പനി മൂലധനം സ്വീകരിക്കുന്നത്.
ഈ അധിക മൂലധനം കമ്പനിയുടെ ആസ്തി അടിത്തറ ശക്തിപ്പെടുത്തുകയും അടുത്ത ഘട്ടത്തിലുള്ള വളര്‍ച്ചയ്ക്ക് വേഗം പകരുകയും ചെയ്യും. സമാഹരണത്തിലൂടെ കമ്പനിയുടെ ടയര്‍-1 മൂലധനവും മൂലധന പര്യാപ്തത അനുപാതവും ഗണ്യമായി വര്‍ദ്ധിക്കും. റീട്ടെയില്‍, എംഎസ്എംഇ, ഹോള്‍സെയില്‍ മേഖലകളില്‍ കൂടുതല്‍ വായ്പകള്‍ നല്‍കാന്‍ ഇത് സഹായിക്കും.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ശക്തമായ ഭരണനിര്‍വഹണവും അച്ചടക്കത്തോടെയുള്ള റിസ്ക് മാനേജ്മെന്‍റും അടിസ്ഥാനമാക്കി ഉയര്‍ന്ന നിലവാരമുള്ള വായ്പാ ശൃംഖല കെട്ടിപ്പടുക്കാന്‍ ആക്സിസ് ഫിനാന്‍സിന് സാധിച്ചിട്ടുണ്ട്. ആക്സിസ് ഗ്രൂപ്പിന്‍റെ അവിഭാജ്യ ഘടകമെന്ന നിലയില്‍ ആക്സിസ് ഫിനാന്‍സിനെ ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ ദീര്‍ഘകാല പ്രതിജ്ഞാബദ്ധതയാണ് ഈ മൂലധന നിക്ഷേപം. രാജ്യത്തെ മുന്‍നിര ബാങ്കിംഗ് ഇതര വായ്പാ സ്ഥാപനമായി വളരുന്നതിനൊപ്പം സൂക്ഷ്മമായ സമീപനത്തോടെ സുസ്ഥിര വളര്‍ച്ച കൈവരിക്കാന്‍ ഇത് കമ്പനിയെ സജ്ജമാക്കുന്നു. ആക്സിസ് ഫിനാന്‍സ് അതിന്‍റെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കേദാരാ ക്യാപിറ്റലിനെ ഒരു നിക്ഷേപകനായി സ്വാഗതം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് വലിയ സന്തോഷമുണ്ടെന്ന് ആക്സിസ് ബാങ്ക് എംഡിയും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.
മൂലധന അടിത്തറയിലുണ്ടായ ഈ ഗണ്യമായ വര്‍ദ്ധനവ് ലക്ഷ്യബോധത്തോടെയും ജാഗ്രതയോടെയും വളര്‍ച്ച വേഗത്തിലാക്കാനുള്ള കരുത്ത് പകരുന്നു. കര്‍ശനമായ റിസ്ക് മാനേജ്മെന്‍റ് രീതികളിലും ദീര്‍ഘകാല ഉപഭോക്തൃ ബന്ധങ്ങളിലുമാണ് ആക്സിസ് ഫിനാന്‍സിനെ കെട്ടിപ്പടുത്തിട്ടുള്ളത്. ഇന്ത്യയിലെ വായ്പാ വിപണി വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഉപഭോക്താക്കളുടെ പ്രത്യേക വായ്പാ ആവശ്യങ്ങള്‍ ഉത്തരവാദിത്തത്തോടെ നിറവേറ്റുന്നതിന് ഈ കരുത്തുറ്റ മൂലധന പിന്തുണ നിര്‍ണ്ണായകമാകും. ആക്സിസ് ബാങ്കിന്‍റെ തുടര്‍ച്ചയായ പിന്തുണയും കേദാരാ ക്യാപിറ്റല്‍ ഒരു നിക്ഷേപകനായി ചേരുന്നതിലൂടെ ബിസിനസ് വിപുലീകരിക്കാനും സാങ്കേതിക വിദ്യയിലും മനുഷ്യവിഭവശേഷിയിലും കൂടുതല്‍ നിക്ഷേപം നടത്താനും ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കാനും തങ്ങളെ കൂടുതല്‍ സജ്ജരാക്കുന്നുവെന്ന് ആക്സിസ് ഫിനാന്‍സ് എംഡിയും സിഇഒയുമായ സായ് ഗിരിധര്‍ പറഞ്ഞു.
ഉയര്‍ന്ന നിലവാരമുള്ള വായ്പാ സ്ഥാപനത്തിന്‍റെ അടിസ്ഥാന ഘടകങ്ങളായ ശക്തമായ ഭരണനിര്‍വഹണത്തിലും അച്ചടക്കത്തോടെയുള്ള റിസ്ക് മാനേജ്മെന്‍റിലും അധിഷ്ഠിതമായ സ്ഥിരതയാര്‍ന്ന പ്രവര്‍ത്തന മികവ് ആക്സിസ് ഫിനാന്‍സ് തെളിയിച്ചിട്ടുള്ളതാണ്. റീട്ടെയില്‍, എംഎസ്എംഇ, ഹോള്‍സെയില്‍ വായ്പാ രംഗത്തെ കമ്പനിയുടെ വിപുലവും വൈവിധ്യമാര്‍ന്നതുമായ സാന്നിധ്യം രാജ്യത്തെ വായ്പാ വിപണിയിലുണ്ടാകുന്ന വലിയ വളര്‍ച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കമ്പനിയെ പ്രാപ്തരാക്കുന്നു. വളര്‍ച്ചയുടെയും മൂല്യവര്‍ദ്ധനവിന്‍റെയും അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന ആക്സിസ് ഫിനാന്‍സിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതില്‍ സന്തോഷമുണ്ടെന്ന് കേദാരാ ക്യാപിറ്റല്‍ സ്ഥാപകനും മാനേജിംഗ് പാര്‍ട്ണറുമായ സുനിഷ് ശര്‍മ്മ പറഞ്ഞു.
നിലവില്‍ വ്യക്തിഗത വായ്പകള്‍, ബിസിനസ് വായ്പകള്‍, ഭവന വായ്പകള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക സേവനങ്ങള്‍ ആക്സിസ് ഫിനാന്‍സ് നല്‍കിവരുന്നു. ഇതിനോടകം തന്നെ രാജ്യത്തെ മുന്‍നിര എംഎസ്എംഇ വായ്പാ ദാതാക്കളായി കമ്പനി മാറിയിട്ടുണ്ട്.
