Home » Blog » Kerala » 22 വർഷത്തെ ഐതിഹാസിക കരിയറിന് വിരാമം; ഗില്ലർമോ ഒച്ചോവ കളിക്കളത്തോട് വിടപറഞ്ഞു.
images - 2026-07-22T185129.295

മെക്‌സിക്കോയുടെ ഇതിഹാസ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവ ഫുട്ബോളിൽ നിന്ന് വിരമിച്ചു. 22 വർഷം നീണ്ടുനിന്ന തന്റെ പ്രൊഫഷണൽ കരിയർ അവസാനിപ്പിക്കുന്നതായി 41-ാം വയസിലാണ് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചത്. ക്ലബ്ബ് ഫുട്‌ബോളിൽ നിന്നും ദേശീയ ടീമിൽ നിന്നും ഒരേസമയം വിരമിക്കുന്നതായി ഒച്ചോവ വ്യക്തമാക്കിയിട്ടുണ്ട്.

 

ആറ് ലോകകപ്പുകളിൽ കളിച്ച താരമെന്ന അപൂർവ നേട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കുമൊപ്പം പങ്കിടുന്ന താരമാണ് ഒച്ചോവ. ഇതിൽ 2014, 2018, 2022 ലോകകപ്പുകളിൽ മെക്‌സിക്കോയുടെ സ്റ്റാർട്ടിങ് ഗോൾകീപ്പറായിരുന്നു അദ്ദേഹം. 2004-ൽ മെക്‌സിക്കോ സിറ്റിയിലെ ക്ലബ്ബ് അമേരിക്കയിലൂടെ കരിയർ ആരംഭിച്ച ഒച്ചോവ, യൂറോപ്പിൽ കളിക്കുന്ന ആദ്യ മെക്‌സിക്കൻ ഗോൾകീപ്പർ എന്ന ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച് ക്ലബ്ബ് അജാസിയോ, സ്പാനിഷ് ക്ലബ്ബുകളായ മലാഗ, ഗ്രാനഡ, ബെൽജിയത്തിലെ സ്റ്റാൻഡേർഡ് ലീജ് തുടങ്ങിയ വിവിധ വിദേശ ക്ലബ്ബുകൾക്കായും അദ്ദേഹം പന്തുതട്ടിയിട്ടുണ്ട്.

 

അന്താരാഷ്ട്ര തലത്തിൽ മെക്‌സിക്കോയ്‌ക്കൊപ്പം ആറ് കോൺകാഫ് ഗോൾഡ് കപ്പ് കിരീട നേട്ടങ്ങളിൽ അദ്ദേഹം പങ്കാളിയായിട്ടുണ്ട്. കൂടാതെ, 2020 ടോക്കിയോ ഒളിമ്പിക്‌സിൽ മെക്‌സിക്കോ വെങ്കല മെഡൽ നേടിയപ്പോഴും ഒച്ചാവോ ആയിരുന്നു ഗോൾകീപ്പർ. ക്ലബ്ബ് തലത്തിൽ ക്ലബ്ബ് അമേരിക്കയ്ക്കൊപ്പം ലീഗ് കിരീടവും സ്റ്റാൻഡേർഡ് ലീജിനൊപ്പം ബെൽജിയം കപ്പും അദ്ദേഹം നേടിയിട്ടുണ്ട്.

 

തന്റെ കരിയർ തുടങ്ങിയ അതേ ആസ്റ്റക്ക സ്‌റ്റേഡിയത്തിൽവെച്ചാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. 2026 ലോകകപ്പിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ മത്സരത്തിന്റെ അവസാന 13 മിനിറ്റിലാണ് ഒച്ചാവോ അവസാനമായി കളിക്കാനിറങ്ങിയത്. വൈകാരികമായ യാത്രയയപ്പോടെയാണ് ഫുട്ബോൾ ലോകം ഇതിഹാസ താരത്തിന് വിടനൽകിയത്.