15 കൊല്ലം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇന്ധനമില്ല; ഡൽഹിയിൽ നിയന്ത്രണം ഇന്നുമുതൽ

ന്യൂഡൽഹി: പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള പെട്രോള്‍ വാഹനങ്ങള്‍ക്കും ഡൽഹിയിലെ പമ്പുകളിൽ നിന്ന് ഇന്ന് മുതൽ ഇന്ധനം ലഭിക്കില്ല. വാഹന മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് സർക്കാർ കർശന നടപടികളിലേക്ക് കടക്കുന്നത്. സംസ്ഥാനത്തെ 350 പമ്പുകളിലാണ് ഈ തീരുമാനം നടപ്പാക്കുക. കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് പെട്രോളോ ഡീസലോ നല്‍കരുതെന്നാണ് സര്‍ക്കാര്‍ കര്‍ശനമായി പമ്പുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ നീക്കത്തിലൂടെ പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നാണ് വിലയിരുത്തല്‍.

ഈ തീരുമാനം ഡല്‍ഹിയില്‍ മാത്രം 62 ലക്ഷം വാഹനങ്ങളെയാണ് ബാധിക്കുന്നത്. ഇതിനുപുറമെ, ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന അയല്‍സംസ്ഥാനങ്ങളായ ഹരിയാനയില്‍ കാലാവധി അവസാനിച്ച 27.5 ലക്ഷം വാഹനങ്ങളും ഉത്തര്‍പ്രദേശില്‍ 12.69 ലക്ഷം വാഹനങ്ങളും രാജസ്ഥാനില്‍ 6.2 ലക്ഷം വാഹനങ്ങളുമുണ്ടെന്നാണ് കണക്ക്. പോലീസ്, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി സഹകരിച്ചാണ് നടപടി സ്വീകരിക്കുന്നത്. ഡല്‍ഹിയിലെ 500-ഓളം വരുന്ന പമ്പുകളില്‍ 100 എണ്ണത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ വാഹനം പിടിച്ചെടുക്കാനായി നിയോഗിച്ചിട്ടുണ്ട്.

50 പമ്പുകളില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ശേഷിക്കുന്ന 350 പമ്പുകളില്‍ ട്രാഫിക് പോലീസിനെയും വാഹനം പിടിച്ചെടുക്കാന്‍ വിന്യസിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ നിയമലംഘനം കണ്ടെത്തിയാൽ കനത്ത പിഴ തുടങ്ങിയ കർശന നടപടികൾ സ്വീകരിക്കും. പമ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ കാമറകള്‍ വഴിയാണ് നിയമം നടപ്പിലാക്കുക. കാമറ വാഹനത്തിന്റെ നമ്പർ സ്കാൻ ചെയ്യും. വാഹനത്തിന്റെ വിവരങ്ങൾ വാഹന്‍ ഡാറ്റാബേസുമായി ബന്ധിപ്പിച്ചിട്ടുണ്ടായിരിക്കും. ഇത് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളെയും 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളെയും തല്‍ക്ഷണം തിരിച്ചറിയും.

More From Author

Leave a Reply

Your email address will not be published. Required fields are marked *