കോഴിക്കോട് പതിനൊന്നു വയസുളള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കടയുടമയ്ക്ക് ഇരുപത് വര്‍ഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. വടകര കൈനാട്ടി ചേക്കിന്റെവിടെ വീട്ടില്‍ നാസറിനാണ് (53) ശിക്ഷ വിധിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജിയുടേതാണ് വിധി. പോക്സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്. 2022ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ കടയിലേക്ക് മിഠായി വാങ്ങാന്‍ പോയതായിരുന്നു പതിനൊന്നുകാരൻ. കുട്ടിയെ കടയ്ക്ക് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഇക്കാര്യം വീട്ടിലെത്തി ഉമ്മയോട് പറഞ്ഞു. പിന്നീട് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.പയ്യോളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുഭാഷ് ബാബു കെ സി ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെതിന്‍ പി ഹാജരായി.
