കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് ‘ഐ.എം.സി. രാമകൃഷ്ണ ബജാജ് നാഷണൽ ക്വാളിറ്റി അവാർഡ് (IMC RBNQA) 2025’. പെർഫോമൻസ് എക്സലൻസ് വിഭാഗത്തിലാണ് കമ്പനി പുരസ്കാരം സ്വന്തമാക്കിയത്. ആദ്യമായാണ് വി-ഗാർഡ് ഈ അവാർഡിനായി മത്സരിക്കുന്നത്. വി-ഗാർഡിന്റെ ചാവടി, കാശിപൂർ, പെരുന്തുറൈ, സിക്കിം യൂണിറ്റ് 2, റൂർക്കി എന്നീ അഞ്ച് പ്രമുഖ നിർമാണ ശാലകളെ മുൻനിർത്തി ‘കോർപ്പറേറ്റ് മാനുഫാക്ചറിങ് എന്റിറ്റി’ എന്ന നിലയിലാണ് കമ്പനിയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
അമേരിക്കയിലെ പ്രശസ്തമായ ‘മാൽകം ബാൾഡ്രിഡ്ജ്’ (Malcolm Baldrige) മാതൃകയിൽ, കടുത്ത മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് ഐ.എം.സി. ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി അവാർഡ് നിർണയിക്കുന്നത്. നേതൃപാടവം, പ്രവർത്തന മികവ്, ആസൂത്രണം, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, ജീവനക്കാരുടെ പങ്കാളിത്തം, ബിസിനസിലെ പ്രകടനം എന്നിവ വിലയിരുത്തി വിവിധ ഘട്ടങ്ങളിലായുള്ള പരിശോധനകൾക്ക് ശേഷമാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
“ആദ്യ ശ്രമത്തിൽ തന്നെ ഐഎംസി രാമകൃഷ്ണ ബജാജ് ദേശീയ ഗുണനിലവാര പുരസ്കാരം നേടാനായത് വി-ഗാർഡിന് വലിയൊരു അഭിമാന നിമിഷമാണ്. പ്രവർത്തന മികവ്, കാര്യക്ഷമമായ സംവിധാനങ്ങൾ, നിരന്തരമായ പുരോഗതി എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തന സംസ്കാരം രൂപപ്പെടുത്താനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്കുള്ള അംഗീകാരമാണിത്. ഞങ്ങളുടെ നിർമാണ ശാലകളുടെ കൂട്ടായ കരുത്തും വിവിധ ടീമുകളുടെ കഠിനാധ്വാനവുമാണ് ഈ നേട്ടത്തിന് പിന്നിൽ. ‘വൺ വി-ഗാർഡ് ഓപ്പറേറ്റിങ് സിസ്റ്റം’ എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ, സുസ്ഥിരമായ മികവ് കൈവരിക്കാനാകുമെന്ന ഞങ്ങളുടെ വിശ്വാസത്തെ ഈ പുരസ്കാരം കൂടുതൽ ദൃഢമാക്കുന്നു.” വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് കെ ചിറ്റിലപ്പിള്ളി പറഞ്ഞു.
വി-ഗാർഡിന്റെ ഉൽപ്പാദന നിലവാരവും കോർപ്പറേറ്റ് പ്രവർത്തനങ്ങളും വിശദമായി വിലയിരുത്തിയ ശേഷമായിരുന്നു പുരസ്കാരത്തിന് അർഹരായത്. അവാർഡിന്റെ ഭാഗമായി കമ്പനിയുടെ തമിഴ്നാട്ടിലെ ചാവടിയിലുള്ള നിർമാണ പ്ലാന്റിൽ വിദഗ്ധ സമിതി നേരിട്ടെത്തി പരിശോധനകൾ നടത്തിയിരുന്നു.
കമ്പനിയുടെ തനതായ ‘VGMEA 2.0’ ഫ്രെയിംവർക്കാണ് വി-ഗാർഡിന്റെ ഈ ഉൽപ്പാദന മികവിന് പിന്നിൽ പ്രവർത്തിക്കുന്നത്. ആഗോള ബിസിനസ് മികവിന്റെ തത്വങ്ങൾ ഉൾക്കൊണ്ടുള്ള ഈ സംവിധാനം വി-ഗാർഡിന്റെ എല്ലാ നിർമാണ ശാലകളിലും കാര്യക്ഷമതയും ഗുണനിലവാരവും ഉറപ്പാക്കാൻ സഹായിക്കുന്നു. അഞ്ച് പതിറ്റാണ്ടോളം പ്രവർത്തന പാരമ്പര്യമുള്ള വി-ഗാർഡ്, അത്യാധുനിക സാങ്കേതികവിദ്യയിലൂടെയും വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരത്തിലൂടെയും ഉപഭോക്താക്കൾക്ക് മികച്ച അനുഭവങ്ങൾ സമ്മാനിച്ച് സുസ്ഥിരമായ വളർച്ചയുടെ പാതയിലാണ്.
