ഹൃദയം തകർക്കുന്ന ദുരന്തം; ബെംഗളൂരുവിലെ അപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഐപിഎൽ ജേതാക്കളായ ആ‌ർസിബിയുടെ വിജയാഘോഷത്തിനിടെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ ദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരുവിലെ അപകടം ഹൃദയഭേദകമെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും എക്സിൽ മോദി കുറിച്ചു.

അതേസമയം ബെംഗളൂരു ദുരന്തത്തിൽ മരണസംഖ്യ ഉയരുമോയെന്ന ആശങ്കയിലാണ് ഏവരും. ഇതുവരെ 11 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെയുള്ളവരുണ്ട്. അമ്പതിലധികം ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സൺ ആശുപത്രിയിലും മണിപ്പാൽ ആശുപത്രിയിലും ഉൾപ്പെടെ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൂടുതൽ ആളുകളെ ആശുപത്രികളിലേയ്ക്ക് എത്തിക്കുന്നുണ്ട്. തിക്കും തിരക്കും കാരണം ആംബുലൻസുകൾക്ക് അപകട സ്ഥലത്തേയ്ക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിടുന്നത് രക്ഷാപ്രവര്‍ത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്.

ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ബെംഗളൂരുവിൽ ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നാണ് ആര്‍ സി ബി. അത്തരത്തിലൊരു ടീമിന്റെ വിക്ടറി പരേഡ് നടത്താൻ ആവശ്യമായ ക്രമീകരണങ്ങളൊന്നും തന്നെ ബെംഗളൂരുവിൽ ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് വിമർശനമുണ്ട്. 5000 പൊലീസുകാരെ മാത്രമാണ് തിരക്ക് നിയന്ത്രിക്കാൻ വിന്യസിച്ചിരുന്നത് എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *