മേൽവിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ പ്രിയ സംവിധായകൻ മാധവ് രാമദാസിന്റെ ഏറ്റവും പുതിയ ചിത്രം ‘ആഴി’യുടെ ട്രെയിലർ പുറത്തിറങ്ങി. ശരത് കുമാർ കേന്ദ്രകഥാപാത്രമായി എത്തുന്ന ഈ ചിത്രം മയക്കുമരുന്നിനെതിരെയുള്ള ശക്തമായ സന്ദേശമാണ് നൽകുന്നത്. ‘സേ നോ ടു ഡ്രഗ്’ എന്ന ടാഗ്‌ലൈനോടെ എത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമെത്തുന്ന ട്രെയിലർ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിച്ചിരിക്കുകയാണ്.
പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരുടെ നീണ്ട നിര തന്നെ ഈ ചിത്രത്തിന് പിന്നിലുണ്ട്. ജാസി ഗിഫ്റ്റ് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദലേഖനം (സൗണ്ട് ഡിസൈൻ) നിർവ്വഹിച്ചിരിക്കുന്നത്. ആനന്ദ് എൻ. നായർ ഛായാഗ്രഹണവും കെ. ശ്രീനിവാസ് എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. സെല്ലുലോയ്ഡ് ക്രിയേഷൻസ്, 888 പ്രൊഡക്ഷൻസ് എന്നീ ബാനറുകൾ സംയുക്തമായാണ് ‘ആഴി’ നിർമ്മിക്കുന്നത്. പ്രദീപ് എം.വി ആണ് ചിത്രത്തിന്റെ കലാസംവിധായകൻ.
തന്റെ ആദ്യ ചിത്രമായ ‘മേൽവിലാസ’ത്തിലൂടെ തന്നെ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് മാധവ് രാമദാസ്. പതിനാറാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച നവാഗത സംവിധായകനുള്ള ഗൊല്ലപ്പുഡി ശ്രീനിവാസ് ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ അദ്ദേഹം, തന്റെ ആഖ്യാന ശൈലിയിലെ പ്രത്യേകതകൾ കൊണ്ട് ‘ഇളയരാജ’ പോലുള്ള സിനിമകളിലും വിസ്മയിപ്പിച്ചിട്ടുണ്ട്. ആ പതിവ് തെറ്റിക്കാതെ മറ്റൊരു മികച്ച ചലച്ചിത്രാനുഭവമായിരിക്കും ‘ആഴി’യെന്ന് ട്രെയിലർ ഉറപ്പുനൽകുന്നു.
