ഗാസ: കുടുംബത്തോടൊപ്പം രക്ഷപ്പെടാൻ ശ്രമിച്ച അഞ്ച് വയസുകാരി ഹിന്ദ് രജബ് കൊല്ലപ്പെട്ട സംഭവത്തിൽ തങ്ങളുടെ സൈനികർ കുട്ടിയുടെ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് നേരെ വെടിയുതിർത്തതായി ഇസ്രയേൽ സൈന്യം സമ്മതിച്ചു. 2024 ജനുവരിയിൽ ഗാസയിൽ നടന്ന സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. സംഭവത്തിൽ ക്രിമിനൽ അന്വേഷണം നടത്താൻ മിലിട്ടറി പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷന് നിർദേശം നൽകിയതായി ഇസ്രയേൽ സൈന്യം ബുധനാഴ്ച അറിയിച്ചു.
2024 ജനുവരി 29നാണ് ഹിന്ദ് രജബ് പലസ്തീൻ റെഡ് ക്രസന്റിലേക്ക് മണിക്കൂറുകളോളം നീണ്ട അടിയന്തര ഫോൺവിളി നടത്തിയത്. ഗാസ സിറ്റിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുടുംബം സഞ്ചരിച്ച കാറിന് വെടിയേറ്റതിനെ തുടർന്നായിരുന്നു സഹായത്തിനായുള്ള ഫോൺവിളി. പിന്നീട് ദിവസങ്ങൾക്കുശേഷം ശരീരമാസകലം വെടിയുണ്ടകളാൽ തുളച്ച നിലയിൽ കാറിനുള്ളിൽനിന്ന് ഹിന്ദിന്റെ മൃതദേഹം കണ്ടെത്തി. ഹിന്ദിനൊപ്പം ആറ് ബന്ധുക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കുട്ടിയെ രക്ഷിക്കാൻ എത്തിയ പലസ്തീൻ റെഡ് ക്രസന്റിലെ രണ്ട് ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു.
സംഭവസ്ഥലത്തിന് സമീപം അന്ന് തങ്ങളുടെ സൈനികർ ഉണ്ടായിരുന്നില്ലെന്നായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ ആദ്യ നിലപാട്. എന്നാൽ പുതിയ പരിശോധനയുടെ അടിസ്ഥാനത്തിൽ സൈനികർ മുന്നറിയിപ്പ് നൽകിയിരുന്ന ദിശയ്ക്ക് വിരുദ്ധമായി മുന്നേറുകയായിരുന്ന ഒരു വാഹനത്തിന് നേരെ വെടിയുതിർത്തതായി സൈന്യം വ്യക്തമാക്കി. ആ വെടിവയ്പ്പിൽ കാറിലുണ്ടായിരുന്ന അഞ്ച് പേർ കൊല്ലപ്പെട്ടെന്നും ഹിന്ദ് രജബും ബന്ധുവായ ലയാൻ ഹമാദയും ആദ്യം വെടിവയ്പ്പിൽ നിന്ന് രക്ഷപ്പെട്ടെന്നും സൈന്യം പറഞ്ഞു. തുടർന്ന് പരുക്കേറ്റവരെ ഒഴിപ്പിക്കുന്നതിനായി പലസ്തീൻ റെഡ് ക്രസന്റിന്റെ ആംബുലൻസിന്റെ നീക്കം ഏകോപിപ്പിച്ചിരുന്നുവെന്നും സൈന്യം അവകാശപ്പെട്ടു. എന്നാൽ ആംബുലൻസ് സ്ഥലത്തെത്തിയപ്പോൾ അതിന് നേരെ ഷെൽ ആക്രമണമുണ്ടായെന്നും ഇതിൽ രണ്ട് പാരാമെഡിക്കുകൾ കൊല്ലപ്പെട്ടെന്നും സൈന്യം വ്യക്തമാക്കി.
ഹിന്ദ് രജബിന്റെ അടിയന്തര ഫോൺവിളിയുടെ യഥാർഥ ഓഡിയോ പിന്നീട് ഓസ്കർ നാമനിർദേശം ലഭിച്ച ‘The Voice of Hind Rajab’ എന്ന സിനിമയിലും ഉൾപ്പെടുത്തിയിരുന്നു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യം വിവിധ അന്താരാഷ്ട്ര സംഘടനകളിൽനിന്ന് ഉയർന്നിരുന്നു. എന്നാൽ ബ്രസൽസ് ആസ്ഥാനമായ ഹിന്ദ് രജബ് ഫൗണ്ടേഷൻ ഇസ്രയേൽ സൈന്യത്തിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കി. ഇത്തരം ആഭ്യന്തര അന്വേഷണങ്ങളെ യഥാർഥ നീതിയിലേക്കുള്ള നടപടിയായി കാണരുതെന്നും സംഘടന പ്രതികരിച്ചു.
അതേസമയം, ഗാസയിലെ മറ്റ് നാല് ശ്രദ്ധേയ സംഭവങ്ങളിലും പരിശോധന നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. എന്നാൽ വേൾഡ് സെൻട്രൽ കിച്ചണിലെ ഏഴ് ജീവനക്കാരെയും ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിലെ നാല് ജീവനക്കാരെയും കൊലപ്പെടുത്തിയ സംഭവങ്ങളിൽ ക്രിമിനൽ അന്വേഷണം നടത്തില്ലെന്നും സൈന്യം വ്യക്തമാക്കി. വേൾഡ് സെൻട്രൽ കിച്ചണിന്റെ സ്ഥാപകൻ ജോസ് ആൻഡ്രസ് ഈ തീരുമാനത്തെ വിമർശിച്ചു. തങ്ങളുടെ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിന് യാതൊരു ന്യായീകരണവുമില്ലെന്നും സ്വതന്ത്ര അന്വേഷണ കമ്മീഷൻ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘടനയും ഇസ്രയേൽ സൈന്യത്തിന് സ്വന്തം നടപടികളെ വിശ്വസനീയമായി അന്വേഷിക്കാനാകില്ലെന്ന് പ്രതികരിച്ചു.
2025 മാർച്ച് 23ന് തെക്കൻ ഗാസയിൽ 15 പലസ്തീൻ മെഡിക്കൽ, മാനുഷിക സഹായ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിലും ക്രിമിനൽ അന്വേഷണം നടത്താനും ഇസ്രയേൽ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ എട്ട് റെഡ് ക്രസന്റ് ജീവനക്കാരും ആറ് ഗാസ സിവിൽ ഡിഫൻസ് അംഗങ്ങളും യുഎൻ പലസ്തീൻ അഭയാർഥി ഏജൻസിയിലെ ഒരു ജീവനക്കാരനും ഉൾപ്പെട്ടിരുന്നു. സംഭവത്തിൽ രക്ഷാപ്രവർത്തകരുടെ വാഹനങ്ങൾക്കും ആംബുലൻസുകൾക്കും യുഎൻ വാഹനത്തിനും നേരെ വെടിവെപ്പ് നടന്നതായി ഐക്യരാഷ്ട്രസഭയുടെ മാനുഷികകാര്യ ഏകോപന ഓഫീസ് (OCHA) നേരത്തെ വ്യക്തമാക്കിയിരുന്നു. മൃതദേഹങ്ങൾ റഫയ്ക്ക് സമീപം കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയതായും യുഎൻ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവത്തിൽ കൊല്ലപ്പെട്ട 15 പേരിൽ ആറ് പേർ ഹമാസുമായി ബന്ധമുള്ളവരാണെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. സംഭവത്തിനിടെ നടത്തിയ വെടിവെപ്പിൽ കുറ്റകരമായ പെരുമാറ്റത്തിന് ന്യായമായ സംശയമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ക്രിമിനൽ അന്വേഷണം പ്രഖ്യാപിച്ചതെന്നും സൈന്യം വ്യക്തമാക്കി.
