കൊല്ലം: സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കിയതാണെന്നും ആദ്യം ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും പിന്നീട് എഴുതി ചേർത്തതാണെന്നും ആർ. ബാലകൃഷ്ണപിള്ളയുടെ മകൾ ഉഷാ മോഹൻദാസ്. ആ കുടുംബത്തിനുണ്ടായ ബുദ്ധിമുട്ടിൽ തനിക്ക് ഖേദമുണ്ടെന്നും ഉഷ പറഞ്ഞു.
ആദ്യഭാര്യ നൽകിയ ഗാർഹികപീഡന പരാതിയിൽ ഉമ്മൻചാണ്ടി ഇടപെട്ടില്ലായിരുന്നെങ്കിൽ ഗണേഷ് കുമാറിന് അന്ന് ജയിലിൽ പോകേണ്ടിവരുമായിരുന്നു. ജയിലിൽ പോയിരുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ ഇപ്പോൾ മന്ത്രിപദത്തിലെത്താനോ ഗണേഷിനു കഴിയുമായിരുന്നില്ല. എന്നാൽ, പിന്നീട് മന്ത്രിസ്ഥാനം തിരികെ നൽകാത്തത് ഗണേഷിന് ഉമ്മൻചാണ്ടിയോടുള്ള പകയ്ക്ക് ഇടയാക്കി.
സോളാർ കേസിൽ ആരോപണങ്ങളടങ്ങിയ കത്ത് ബാലകൃഷ്ണപിള്ളയ്ക്ക് ലഭിച്ചിരുന്നു. അത് താൻ കണ്ടതാണ്. ആ കത്തിൽ ഉമ്മൻചാണ്ടിയെക്കുറിച്ച് പരാമർശമൊന്നും ഉണ്ടായിരുന്നില്ല. ആ പേര് പിന്നീട് കൂട്ടിച്ചേർത്തതാണ്. സോളാർ കേസുമായും കത്തുമായും ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് ഏറെ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടെന്നും ഉഷ വെളിപ്പെടുത്തി.
