സോനം രഘുവംശിയെന്ന 24 കാരിയെ ഭർത്താവി​ന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഇങ്ങനെ..

ഹണിമൂൺ ട്രിപ്പിനിടെ ഭർത്താവ് രാജ രഘുവംശിയെ ക്വട്ടേഷൻ സംഘത്തെ ഉപയോ​ഗിച്ച് കൊലപ്പെടുത്തിയ സോനം രഘുവംശിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. മേഘാലയയി​ൽ ഹണിമൂൺ ആഘോഷിക്കുന്നതിനിടെ മേയ് 23 മുതലാണ് ഇരുവരെയും കാണാതായത്. ജൂൺ രണ്ടിനാണ് ഈസ്റ്റ് ഖാസി ഹിൽസിലെ മലനിരകളിൽ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തിയത്. പക്ഷേ സോനത്തെ അപ്പോഴും കണ്ടെത്താനായിരുന്നില്ല. പിന്നീട് നടന്ന പരിശോധനയിലാണ് രാജയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. അധികം വൈകാതെ തന്നെ സോനത്തെ കണ്ടെത്തുകയും അന്വേഷണം സോനത്തിലേക്ക് തിരിയുകയുമായിരുന്നു.

ഇൻഡോറിലെ കുശ്‍വാഗ് നഗറിലെ ഉൾനാടൻ ഗ്രാമത്തിലാണ് സോനം എന്ന 24കാരി ജനിച്ചത്. 25 വർഷമായി പ്ലൈവുഡ് ബിസിനസ് ആണ് സോനത്തിന്റെ പിതാവ് ദേവി സിങ് രഘുവംശിക്ക്. എംഎം.ബി.എ ബിരുദം നേടുക, കുടുംബത്തിന്റെ പ്ലൈവുഡ് ബിസിനസ് വികസിപ്പിക്കുക, കുടുംബം നിഷ്കർഷിച്ച ചട്ടക്കൂടുകൾ തകർത്ത് ജീവിക്കുക എന്നതായിരുന്നു സോനത്തിന്റെ സ്വപ്നം. എന്നാൽ ഒരു പെൺകുട്ടിയായതിനാൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നായിരുന്നു മകളോട് ദേവി സിങ് എപ്പോഴും പറഞ്ഞിരുന്നത്. മകൾക്ക് ആരുമായെങ്കിലും പ്രണയബന്ധമുണ്ടോ എന്നറിയാൻ അറിയാൻ സോനം അറിയാതെ രഹസ്യമായി നിരീക്ഷിക്കുകയും ചെയ്തു. വീട്ടിൽ നിന്ന് പുറത്തുപോകാൻ സോനത്തെ അനുവദിച്ചില്ല. വളരെ ചുരുക്കം ആളുകളോട് മാത്രമേ സംസാരിക്കാനും അനുവദിച്ചിരുന്നുള്ളൂ. വളരെ കർക്കശമായ ജീവിതം. ജോലി, വീട് എന്നീ രണ്ടു കാര്യങ്ങളിൽ സോനം ഒതുങ്ങിക്കൂടി.

തങ്ങളുടെ കൺവെട്ടത്തിന് പുറത്തുള്ള സ്ഥലങ്ങളിലേക്ക് ജോലിയാവശ്യമാ​ണെങ്കിൽ കൂടിയും സോ​നത്തെ പോകാൻ മാതാപിതാക്കൾ സമ്മതിച്ചില്ല. അതിനാൽ പ്ലൈവുഡ് ഫാക്ടറിയിലെ ഇരുമ്പുവലയങ്ങൾക്കുള്ളിലിരുന്ന് ജോലി ചെയ്യാൻ ആ പെൺകുട്ടി നിർബന്ധിതയായി. സോനത്തിന്റെ സഹോദരൻ ഗോവിന്ദിന്റെ ഇടപെടലോടെ കുടുംബത്തിന്റെ ബിസിനസ് മെച്ചപ്പെട്ടു തുടങ്ങി. അതോടെ സോനത്തിനു മേലുള്ള നിയന്ത്രണവും കൂടി വന്നു. എം.ബി.എ ചെയ്യണമെന്ന ആഗ്രഹം കുഴിച്ചു മൂടി.

ആ സമയത്താണ് പിതാവിന്റെ ഫാക്ടറിയിലെ ബില്ലിങ് സെക്ഷനിൽ ജോലി ചെയ്തിരുന്ന രാജ് കുശ്യയെ സോനം കാണുന്നത്. അവരുടെ പരിചയം ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ മാത്രം ഒതുങ്ങി. എന്നാൽ ഇവർ തമ്മിലുള്ള ബന്ധം വളരുന്നത് കുടുംബം അറിഞ്ഞില്ല.

ആ സമയത്താണ് വീട്ടുകാർ സോനത്തിന്റെ വിവാഹം ഉറപ്പിക്കാൻ തീരുമാനിച്ചത്. സമാജ് പരിചയ് പുസ്തിക എന്ന കമ്മ്യൂണിറ്റി മാട്രിമോണിയൽ ഡയറക്ടറി വഴിയാണ് രാജ രഘുവംശിയെ ക​ണ്ടെത്തിയത്. ഇരുവരുടെയും ബയോഡാറ്റകളിലെ പൊരുത്തം മാത്രമാണ് സോനത്തിന്റെ വീട്ടുകാർ ശ്രദ്ധിച്ചത്. ഇരുകുടുംബങ്ങൾ തമ്മിലും മുമ്പ് പരിചയമുണ്ടായിരുന്നില്ല. മാത്രമല്ല,

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വാടക ബസുകൾ നൽകുന്ന രഘുവംശി ട്രാൻസ്പോർട്ട് എന്ന ബിസിനസ് നടത്തിയിരുന്ന കുടുംബത്തിലെ അംഗമായിരുന്നു രാജ. മൂന്ന് സഹോദരന്മാരിൽ ഇളയവൻ. ഒരു വർഷം മുമ്പേ സോനത്തിന്റെ വിവാഹാലോചന രാജയെ തേടി വന്നിരുന്നു. ആദ്യം അത് അവഗണിക്കുകയായിരുന്നു രാജ. എന്നാൽ വീണ്ടും അതേ ആലോചന എത്തിയപ്പോൾ സമ്മതം മൂളുകയും ചെയ്തു. മകനെ പെട്ടെന്ന് വിവാഹം കഴിപ്പിക്കാൻ രാജയുടെ കുടുംബത്തിനും താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ നാലുമാസത്തിനകം വിവാഹം വേണമെന്നാണ് സോനത്തിന്റെ കുടുംബം ആവശ്യപ്പെട്ടത്. മേയ് 11നാണ് വിവാഹം നടന്നത്. അന്ന് ഒട്ടും സന്തോഷമില്ലായിരുന്നു സോനത്തിന്റെ മുഖത്തെന്നും ഭർതൃകുടുംബം ഇപ്പോൾ ഓർക്കുന്നു.

ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാണ് സോനം മുകളിലത്തെ മുറിയിൽ നിന്ന് താഴേക്കിറങ്ങാറുള്ളത്. ആ കുടുംബത്തിലെ ആരോടും സംസാരിച്ചിരുന്നുമില്ല. സദാസമയവും ഫോണിലായിരുന്നുവെന്നും രാജ രഘുവംശിയുടെ വീട്ടുകാർ പറയുന്നു. അതിലും ആരും ഇടപെട്ടില്ല. ഒരു സിനിമ പോലും കാണാൻ അനുവദിക്കാത്ത സോനത്തിന് എല്ലാവിധ സ്വാതന്ത്ര്യവും നൽകാനായിരുന്നു ഭർതൃവീട്ടുകാർ ആഗ്രഹിച്ചത്. അവരാരും സോനത്തെ സംശയിച്ചില്ല. മകന് ലഭിച്ച ഉത്തമയായ വധുവായി അവർ സോനത്തെ കണ്ടു.

വിവാഹശേഷമുള്ള ട്രിപ്പിന്റെ കുറിച്ച് കുടുംബത്തിൽ ഒരു ചർച്ചയും ഉണ്ടായിരുന്നില്ല. എന്നാൽ തനിക്കൊരു യാത്ര പോകണമെന്ന് സോനം പറഞു. ആദ്യം നിരസിച്ച രാജ, സോനത്തിന്റെ നിർബന്ധത്തിന് വഴങ്ങി. ടിക്കറ്റുകളൊക്കെ ബുക്ക് ചെയ്തത് സോനമായിരുന്നു.

യാത്രയിൽ വിലകൂടിയ ആഭരണങ്ങൾ ധരിക്കണമെന്ന് സോനം നിർബന്ധം പിടിച്ചു. അപ്പോഴൊന്നും ആ കുടുംബത്തിന് സംശയമൊന്നും തോന്നിയില്ല. ഒടുവിൽ രാജയുടെ മരണവിവരമറിഞ്ഞപ്പോൾ ആ കുടുംബം ഞെട്ടിപ്പോയി. സോനവും രാജും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അവരുടെ വീട്ടുകാർക്കും യാതൊന്നുമറിയില്ലെന്നാണ് രാജയുടെ അമ്മ ഉമ പറയുന്നത്. സ്വന്തം മകളെ മനസിലാക്കാൻ അവർക്ക് കഴിഞ്ഞില്ല. ഞങ്ങൾക്ക് ഞങ്ങളുടെ മകനെയും നഷ്ടമായി എന്നാണ് ആ അമ്മ നിറകണ്ണുകളോടെ പറഞ്ഞുനിർത്തുന്നതും.

More From Author

Leave a Reply

Your email address will not be published. Required fields are marked *