സീറോ എംഡിആര്‍ നയത്തില്‍ നിന്ന് പിന്മാറാൻ കേന്ദ്രം

ന്യൂഡല്‍ഹി: 3000 രൂപയ്ക്ക് മുകളിൽ നടത്തുന്ന യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) അവതരിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. അടിസ്ഥാന സൗകര്യങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ചെലവുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ബാങ്കുകളെയും പെയ്‌മെന്റ് സേവന ദാതാക്കളെയും പിന്തുണയ്ക്കുന്നതിനുള്ള നീക്കമായാണ് നയപരമായ പുതിയ മാറ്റം. വ്യാപാരിയെ അടിസ്ഥാനമാക്കുന്നതിനു പകരം ഇടപാടിന്റെ മൂല്യത്തെ അടിസ്ഥാനമാക്കി എംഡിആര്‍ അനുവദിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ചെറിയ തുകയുടെ യുപിഐ പെയ്‌മെന്റുകള്‍ക്ക് എംഡിആര്‍ ഒഴിവാക്കുകയും വലിയ ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കുകയും ചെയ്യും. 2020 ജനുവരി മുതല്‍ പ്രാബല്യത്തിലുള്ള സീറോ എംഡിആര്‍ നയത്തില്‍നിന്നുള്ള പിന്മാറ്റമാണിത്. എംഡിആര്‍ ചട്ടക്കൂട് വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസ്, സാമ്പത്തികകാര്യ വകുപ്പ്, ധനകാര്യ സേവനവകുപ്പ് എന്നിവ ഉള്‍പ്പെട്ട ഒരു സുപ്രധാന യോഗം കഴിഞ്ഞയാഴ്ച നടന്നു.

ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിലെ വര്‍ധിച്ചുവരുന്ന ചെലവിനെക്കുറിച്ച് ബാങ്കുകളും പെയ്‌മെന്റ് സേവനദാതാക്കളും ആശങ്കകള്‍ ഉയര്‍ത്തിയിട്ടുള്ള സാഹചര്യത്തിലാണ് പുതിയ നീക്കം. നിലവില്‍ റീട്ടെയില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ ഏകദേശം 80 ശതമാനം യുപിഐ ആണ് കൈകാര്യം ചെയ്യുന്നത്. 2020 മുതല്‍ യുപിഐ പേഴ്‌സണ്‍ ടു മെര്‍ച്ചന്റ് ഇടപാടുകളുടെ മൂല്യം 60 ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്.

വന്‍കിട വ്യാപാരികളുടെ യുപിഐ ഇടപാടുകള്‍ക്ക് 0.3 ശതമാനം എംഡിആര്‍ ഏര്‍പ്പെടുത്താന്‍ പെയ്‌മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ റുപേ ഒഴികെയുള്ള ക്രെഡിറ്റ്, ഡെബിറ്റ് പെയ്‌മെന്റുകളുടെ എംഡിആര്‍ 0.9 ശതമനംമുതല്‍ രണ്ട് ശതമാനം വരെയാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *