Home » Blog » kerala Max » സീതയിൽ നിന്ന് ഐ പി എസ് ഓഫീസറിലേക്ക്; മമ്മൂട്ടിക്കും ധനുഷിനുമൊപ്പം സായ് പല്ലവിയുടെ പുതിയ മുഖം, ‘ഒ എം’ ഈ വെള്ളിയാഴ്ച്ച പ്രദർശനത്തിന്
6

സ്വാഭാവിക അഭിനയത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം നേടിയ സായ് പല്ലവി വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുന്നു. ആഗോള ബോക്സ് ഓഫീസിൽ 1400 കോടി കടന്ന രാമായണത്തിലെ സീതയായി ശ്രദ്ധ നേടിയ താരം ഇനി വെള്ളിത്തിരയിൽ എത്തുന്നത് കരുത്തുറ്റ പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിൽ. മമ്മൂട്ടിയും ധനുഷും പ്രധാന കഥാപാത്രങ്ങളാകുന്ന രാജ്കുമാർ പെരിയസാമി ചിത്രം ‘ഒ എം ‘ ആണ് സായ് പല്ലവിയുടെ ഈ പുതിയ കഥാപാത്രത്തിന് വേദിയാകുന്നത്. നവംബർ 20ന് ആഗോളതലത്തിൽ ചിത്രം തിയേറ്ററുകളിലെത്തും.

ചിത്രത്തിൽ നിത്യ റെഡ്ഡി ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. അഭിനയജീവിതത്തിൽ ആദ്യമായാണ് താരം പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തുന്നത്. ചുവന്ന ചന്ദനക്കടത്ത് മാഫിയക്കെതിരെ നിർണായക ദൗത്യത്തിന് നേതൃത്വം നൽകുന്ന അന്വേഷണ ഉദ്യോഗസ്ഥയാണ് നിത്യ റെഡ്ഡി. കഥാപാത്രത്തിന്റെ രൂപഭാവത്തിനായി യഥാർഥ ഐപിഎസ് ഉദ്യോഗസ്ഥ മെറിൻ ജോസഫിന്റെ വ്യക്തിത്വത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി സായ് പല്ലവി മുടി മുറിച്ചുമാറ്റിയതും ശ്രദ്ധ നേടിയിരുന്നു. ഇതിനെക്കുറിച്ച് സംസാരിക്കവേ, മുടി മുറിച്ച വിവരം അറിഞ്ഞപ്പോൾ അമ്മയ്ക്ക് ആദ്യം വലിയ ഞെട്ടലായിരുന്നുവെന്നും താരം വെളിപ്പെടുത്തി.

‘പ്രേമം’ സിനിമയിലെ മലർ മിസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ സായ് പല്ലവി പിന്നീട് ഓരോ ചിത്രത്തിലും വ്യത്യസ്തമായ അഭിനയമികവാണ് പുറത്തെടുത്തത്. ‘കലി’, ‘ഫിദ’, ‘മാരി 2’, ‘ലവ് സ്റ്റോറി’, ‘ശ്യാം സിംഗ റോയ്’, ‘ഗാർഗി’, ‘അമരൻ’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ താരത്തിന്റെ അഭിനയവൈവിധ്യത്തിന് ഉദാഹരണങ്ങളാണ്.

മുഖഭാവങ്ങളിലൂടെയും സ്വാഭാവികമായ ശരീരഭാഷയിലൂടെയും കഥാപാത്രത്തിന്റെ വികാരങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള കഴിവാണ് സായ് പല്ലവിയെ വ്യത്യസ്തയാക്കുന്നത്. ‘ഗാർഗി’യിലെ പോരാട്ടവീര്യമുള്ള കഥാപാത്രവും ‘അമരനി’ലെ ഇന്ദു റെബേക്ക വർഗീസും ഇതിന് ഉദാഹരണങ്ങളാണ്. ഇപ്പോൾ ആദ്യമായി പോലീസ് യൂണിഫോമണിയുമ്പോൾ അഭിനയത്തിന്റെ മറ്റൊരു തലമാണ് താരം പരീക്ഷിക്കുന്നത്.

‘അമരൻ’ എന്ന ചിത്രത്തിനുശേഷം സംവിധായകൻ രാജ്കുമാർ പെരിയസാമിയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഒ എം’. സംവിധായകൻ തന്റെ പോലീസ് വേഷത്തിൽ തന്നേക്കാൾ കൂടുതൽ വിശ്വാസമർപ്പിച്ചിരുന്നുവെന്നാണ് സായ് പല്ലവി ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ പറഞ്ഞത്. രാജ്കുമാർ പെരിയസാമി സ്ത്രീകഥാപാത്രങ്ങളെ എഴുതുന്ന രീതി ഏതൊരു അഭിനേത്രിയുടെയും സ്വപ്നമാണെന്നും താരം അഭിപ്രായപ്പെട്ടിരുന്നു. നിത്യ റെഡ്ഡി എന്ന കഥാപാത്രത്തിന് നിരവധി തലങ്ങളുണ്ടെന്നും ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചത് മികച്ച അനുഭവമായിരുന്നുവെന്നും സായ് പല്ലവി പറഞ്ഞു.

അതുപോലെ മമ്മൂട്ടിക്കൊപ്പം അഭിനയിക്കണമെന്നത് സായ് പല്ലവിയുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. ‘അമരൻ’ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിയുടെ പേര് നിരന്തരം കേട്ടിരുന്നുവെന്നും ഇപ്പോൾ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും താരം പങ്കുവെച്ചു.

ധനുഷിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഒ എം’. നേരത്തെ ‘മാരി 2’വിലെ ‘റൗഡി ബേബി’ എന്ന ഗാനത്തിലൂടെ ഇരുവരും വലിയ ജനപ്രീതി നേടിയിരുന്നു. ഇത്തവണ ആക്ഷൻ പശ്ചാത്തലത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങളിലാണ് ഇരുവരും എത്തുന്നത്.

മമ്മൂട്ടി, ധനുഷ്, സായ് പല്ലവി എന്നിവരുടെ സാന്നിധ്യം കേരളത്തിലും ചിത്രത്തിന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസാണ്. കമ്പനിക്കുവേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ തിയേറ്റർ വിതരണം നിർവഹിക്കുന്നത്. വിതരണരംഗത്തേക്കുള്ള ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്റെ ശ്രദ്ധേയമായ ചുവടുവയ്പ്പുകൂടിയാണ് ‘ഒ എം’. നിർമ്മാണരംഗത്തും കമ്പനി സജീവമാണ്. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടും ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് ശ്രദ്ധ നേടിയിട്ടുണ്ട്.

ചുവന്ന ചന്ദനക്കടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ധനുഷ് രഹസ്യ ദൗത്യത്തിന്റെ ഭാഗമായി കടത്തുസംഘത്തിലേക്ക് നുഴഞ്ഞുകയറുന്ന പോലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. മമ്മൂട്ടി ബർമ കാർത്തികേയൻ എന്ന ശക്തമായ കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ശ്രീലീല, നസ്രുദീൻ ഷാ, ഇന്ദ്രൻസ്, രേണു ദേശായി, കലൈറാണി, സഞ്ജയ് സ്വരൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ. ചിത്രത്തിന്റെ ഗാനങ്ങളും ട്രെയ്‌ലറും കൂടാതെ പ്രീ റീലിസ് പരിപാടികളും സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരിൽ വലിയ ഹൈപ്പ് സൃഷ്ടിച്ചിട്ടുണ്ട്.

ധനുഷ്, ശ്രദ്ധ അഗർവാൾ, അസ്മത് ജഗ്മഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീതം സായ് അഭയങ്കറും ഛായാഗ്രഹണം എഴിൽ അരസനും നിർവഹിക്കുന്നു. സീതയായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ സായ് പല്ലവി ഇനി നിത്യ റെഡ്ഡി ഐപിഎസായി എത്രത്തോളം തിളങ്ങുമെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. മമ്മൂട്ടിയുടെയും ധനുഷിന്റെയും കരുത്തുറ്റ കഥാപാത്രങ്ങൾക്കൊപ്പം സായ് പല്ലവിയുടെ ആദ്യ പോലീസ് വേഷവും ചേരുമ്പോൾ ‘ഒ എം’ നവംബറിലെ ശ്രദ്ധേയമായ സിനിമാ റിലീസുകളിലൊന്നായി മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *