കേരള രാഷ്ട്രീയത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ അവിശുദ്ധമായ വോട്ട് കച്ചവടം നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. മഞ്ചേശ്വരം, കോന്നി, റാന്നി എന്നീ മണ്ഡലങ്ങളിൽ ഇരു പാർട്ടികളും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും ഏകദേശം പത്തോളം മണ്ഡലങ്ങളിൽ ഇത്തരത്തിൽ ‘ഡീൽ’ ഉറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സതീശൻ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് ആർ.എസ്.എസ് വോട്ട് വാങ്ങി വിജയിച്ച ചരിത്രമുള്ളയാളാണെന്നും ഔദ്യോഗിക വാഹനം ഒഴിവാക്കി ആർ.എസ്.എസ് നേതാക്കളുമായി ചർച്ചയ്ക്ക് പോയ ആളാണെന്നും അദ്ദേഹം പരിഹസിച്ചു.
തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചത് കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ ഇ.ഡി അന്വേഷണം ഒതുക്കിത്തീർക്കാനായി നടത്തിയ ഒത്തുതീർപ്പിന്റെ ഫലമാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. മികച്ച സ്ഥാനാർത്ഥിയായിരുന്ന വി.എസ്. സുനിൽ കുമാറിന് ന്യൂനപക്ഷ വോട്ടുകൾ ഉൾപ്പെടെ ലഭിച്ചിട്ടും സ്വന്തം പാർട്ടിയായ സി.പി.എമ്മിന്റെ വോട്ടുകൾ ലഭിച്ചില്ല എന്നത് ഈ ആരോപണത്തിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി. പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് രാഷ്ട്രീയ പശ്ചാത്തലമില്ലെന്ന ഇടതുപക്ഷത്തിന്റെ വിമർശനത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. മുകേഷ് കൊല്ലത്ത് മത്സരിക്കാൻ എത്തുമ്പോൾ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നോ എന്ന ചോദ്യത്തിലൂടെയാണ് സതീശൻ ഇതിന് മറുപടി നൽകിയത്.
അതേസമയം, കൽപ്പറ്റയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ടി. സിദ്ദിഖും യു.ഡി.എഫിന്റെ വലിയ വിജയം പ്രവചിച്ചു. എല്ലാ രാഷ്ട്രീയ ഡീലുകളെയും മറികടന്ന് ജനങ്ങൾ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട് സാദിഖ് അലി തങ്ങൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച സിദ്ദിഖ്, തങ്ങൾ കുടുംബത്തിന്റെ മാനവികതയെ തകർക്കാൻ ആർക്കും കഴിയില്ലെന്ന് വ്യക്തമാക്കി. വയനാട് ദുരന്തബാധിതർ നൽകിയ തുക കെട്ടിവെച്ചാണ് താൻ മത്സരിക്കുന്നതെന്നും ഉമ്മൻചാണ്ടിയെപ്പോലുള്ള നേതാക്കളുടെ സ്മരണ പുതുക്കിയാണ് പത്രിക നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
