Home » Blog » kerala Max » ‘സിപിഐഎമ്മിനെ തകർക്കാൻ കഴിയില്ല, ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതം’; കടുത്ത വിമർശനവുമായി കെ കെ ശൈലജ
kk_shailaja-4

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വസതിയിലും മറ്റും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന റെയ്ഡിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം നേതാവ് കെ.കെ. ശൈലജ ടീച്ചർ രംഗത്തെത്തി. ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും, ഇത്തരം നടപടികൾ കൊണ്ട് സിപിഐഎമ്മിനെ തകർക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി. ബിജെപിയും കോൺഗ്രസും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്നും, പിണറായി വിജയനും കുടുംബത്തിനുമെതിരായ ഗൂഢാലോചനയെ ശക്തമായി അപലപിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരം നടപടികൾ പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കുകയേയുള്ളൂവെന്നും കെ.കെ. ശൈലജ പറഞ്ഞു.

അതേസമയം, റെയ്ഡിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ സിപിഐഎം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഓൺലൈനായി അടിയന്തര സെക്രട്ടറിയേറ്റ് യോഗം പുരോഗമിക്കുകയാണ്. കോഴിക്കോട്, കണ്ണൂർ, എറണാകുളം തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തമാണ്. കേന്ദ്ര സർക്കാർ നടത്തുന്ന ആസൂത്രിതമായ നീക്കമാണിതെന്ന് സിപിഐഎം സമൂഹമാധ്യമങ്ങൾ വഴി വ്യക്തമാക്കി. ഈ നീക്കങ്ങളിൽ യുഡിഎഫിനും പങ്കുണ്ടോ എന്ന് പാർട്ടി എക്‌സിലൂടെ സംശയം ഉന്നയിച്ചു. ഏത് ഭീഷണിയെയും നേരിടാൻ തയ്യാറാണെന്നും ഇഡി റെയ്ഡ് കണ്ട് പാർട്ടി പിൻമാറില്ലെന്നും സിപിഐഎം നേതൃത്വം വ്യക്തമാക്കി.