Home » Blog » kerala Mex » സാമ്പത്തിക തട്ടിപ്പ്: ടൊവിനോയുടെ ‘പള്ളിച്ചട്ടമ്പി’ കുരുക്കിൽ; റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി
pallichattambi-680x450

ടൊവിനോ തോമസ് നായകനായി വലിയ പ്രതീക്ഷയോടെ എത്തുന്ന ‘പള്ളിച്ചട്ടമ്പി’ എന്ന ചിത്രം നിയമക്കുരുക്കിൽ. ചിത്രത്തിന്റെ റിലീസ് തടയണമെന്നും നിർമ്മാതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ദുബായിലെ ഇന്ത്യൻ വ്യവസായി ഹൈക്കോടതിയെ സമീപിച്ചു. പാലക്കാട് സ്വദേശി നൗഫൽ അഹമ്മദ്, വടക്കാഞ്ചേരി സ്വദേശി ബ്രിജീഷ് മുഹമ്മദ് എന്നിവർക്കെതിരെയാണ് പരാതി.

തന്നിൽ നിന്ന് 14 കോടിയോളം രൂപ ഇവർ തട്ടിയെടുത്തെന്നും, ഈ തട്ടിപ്പ് പണം ഉപയോഗിച്ചാണ് സിനിമ നിർമ്മിക്കുന്നതെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. കേസിൽ ഇ.ഡി, സിബിഐ അന്വേഷണം വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി പരിഗണിച്ച ഹൈക്കോടതി നിർമ്മാതാക്കൾക്ക് നോട്ടീസ് അയച്ചു. ഹർജിയിൽ അന്തിമ തീരുമാനമാകുന്നത് വരെ സിനിമയുടെ റിലീസ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. കോടതി തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പീരിയഡ് ഡ്രാമ ത്രില്ലറാണ് പള്ളിച്ചട്ടമ്പി. വേൾഡ് വൈഡ് ഫിലിംസ്, സി ക്യൂബ് ബ്രോസ് എന്റർടെയ്ൻമെന്റ് എന്നിവയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കയാദു ലോഹർ നായികയാകുന്ന ചിത്രത്തിലെ ‘കാട്ടുചെമ്പകം’ എന്ന ഗാനവും ടീസറും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങി വലിയ തരംഗമായിരുന്നു. ടൊവിനോയുടെ മാസ്സ് ആക്ഷൻ പ്രകടനം പ്രതീക്ഷിച്ചിരിക്കുന്ന ആരാധകർക്ക് ഈ നിയമപ്രശ്നം വലിയ നിരാശയാണ് നൽകുന്നത്.