Home » Blog » kerala Mex » സാമൂഹിക യാഥാർഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു; ‘സുഖമാണോ സുഖമാണ്’ ചിത്രത്തെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി
emmovie-680x450

രുൺലാൽ രാമചന്ദ്രൻ സംവിധാനം ചെയ്ത ‘സുഖമാണോ സുഖമാണ്’ എന്ന ചിത്രം രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോൾ, ചിത്രത്തെയും അതിന്റെ പ്രമേയത്തെയും അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. “മനംതുറന്നൊരു വാക്കിലൂടെയും സ്നേഹപൂർവ്വമായൊരു നോട്ടത്തിലൂടെയും മാറ്റിയെടുക്കാവുന്നതാണ് മനുഷ്യൻ അനുഭവിക്കുന്ന പല ഏകാന്തതകളുമെന്ന് ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു”. പുതുതലമുറയും മുതിർന്നവരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട വസ്തുതയാണിത്. മനുഷ്യൻ അനുഭവിക്കുന്ന ഏകാന്തതയും ഒറ്റപ്പെടലും എന്ന വലിയ സാമൂഹിക യാഥാർഥ്യത്തെ ചിത്രം കൃത്യമായി അടയാളപ്പെടുത്തുന്നു എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. രാമചന്ദ്രൻ നായരുടെ മകനാണ് ചിത്രത്തിന്റെ സംവിധായകൻ അരുൺലാൽ.

മാത്യു തോമസ്, ദേവിക സഞ്ജയ്, ജഗദീഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ഫാമിലി എന്റർടൈനർ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്ഫടികം ജോർജ്, നോബി മാർക്കോസ്, മണിക്കുട്ടൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ടോബിൻ തോമസ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിന് നിപിൻ ബെസെന്റാണ് സംഗീതം നൽകിയിരിക്കുന്നത്. പ്രമുഖ ഒവർസീസ് വിതരണക്കാരായ പ്ലോട്ട് പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ വിദേശ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്.